ഏഷ്യൻ പാരാ ഗെയിംസ്; ആദ്യ ദിനം ഇന്ത്യയ്ക്ക് 11 മെഡൽ, നാല് സ്വർണം

ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണ മെഡൽ നേടിയ നിഷാദ് കുമാർ, മോണ അഗർവാൾ, റിങ്കു സിങ്, സൗമ്യ എന്നിവർ| Photo: X
നഗോയ : ഏഷ്യൻ പാരാ ഗെയിംസിന്റെ ആദ്യ ദിനത്തിൽ മികച്ച പ്രകടനവുമായി ഇന്ത്യ. അത്‌ലറ്റിക്‌സിലും ഷൂട്ടിങ്ങിലും സ്വർണനേട്ടം ഉൾപ്പെടെ 11 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. നാല് സ്വർണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും ഇന്ത്യ സ്വന്തമാക്കി.
പുരുഷന്മാരുടെ ടി47 ലോങ് ജംപിൽ നിഷാദ് കുമാർ സ്വർണം നേടി. ഈ ഇനത്തിലെ താരത്തിന്റെ ആദ്യ അന്താരാഷ്ട്ര മത്സരവും സ്വർണ നേട്ടവുമാണിത്. സൗമ്യ വനിതകളുടെ 1500 മീറ്റർ ടി12/13 വിഭാഗത്തിലും സ്വർണം സ്വന്തമാക്കി.
പുരുഷന്മാരുടെ എഫ്46 ജാവലിൻ ത്രോയിൽ അവസാന ശ്രമത്തിൽ 65.11 മീറ്റർ എറിഞ്ഞാണ് റിങ്കു സ്വർണം നേടിയത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ്‌എച്ച്1 വിഭാഗത്തിൽ മോണ അഗർവാളും സ്വർണം നേടി. ഇതോടെ ഇന്ത്യ ഈ ഇനത്തിൽ സ്വർണവും വെള്ളിയും സ്വന്തമാക്കി.
അജീത് സിങ്, രാധ വെങ്കടേഷ്, കോകില, രവി ബുഡിഗിന, അവനി ലേഖറ എന്നിവർ വെള്ളി മെഡലുകൾ നേടി. കപിൽ പർമാർ, രവന്നി വലസനൈനി എന്നിവർ വെങ്കല മെഡലും സ്വന്തമാക്കി. വനിതകളുടെ സിംഗിൾസ് ക്ലാസ് 4-5 പാരാ ടേബിൾ ടെന്നീസിൽ സെമിഫൈനലിലെത്തിയ ഭവിന പട്ടേലും മെഡൽ ഉറപ്പിച്ചു.
എന്നാൽ നീന്തലിൽ ഇന്ത്യയ്ക്ക് നിരാശയായി. പുരുഷന്മാരുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ എസ്10 ഫൈനലിൽ കപിൽ കുമാർ 59.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത് നാലാം സ്ഥാനത്തെത്തി. അജയ് ഹിന്ദുറാവു ഭോസലെ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.








0 comments