‘സുഖജീവിതം ഉപേക്ഷിച്ചത് സ്വന്തം നേട്ടത്തിനല്ല, മറ്റുള്ളവർക്കുവേണ്ടി’; സൗരവിനെയും അശുതോഷിനെയും കുറിച്ച് അഭിജീത് ദീപ്കെ

ന്യൂഡൽഹി: ജന്തർമന്തർ സമരത്തെ തുടർന്ന് അറസ്റ്റിലായി ജയിലിൽ കഴിയുന്ന സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും കുറിച്ച് വൈകാരിക കുറിപ്പുമായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. മികച്ച ജോലിയും സാമ്പത്തികസുരക്ഷയും സുഖജീവിതവും ഉപേക്ഷിച്ചാണ് ഇരുവരും രാജ്യത്തെ ജനങ്ങൾക്കുവേണ്ടി പോരാടാൻ തെരുവിലിറങ്ങിയതെന്ന് ദീപ്കെ സമൂഹമാധ്യമത്തിൽ കുറിച്ചു.
ഏതാനും വർഷങ്ങൾക്കുമുമ്പ് ലണ്ടനിൽ ഉയർന്ന ശമ്പളമുള്ള കോർപറേറ്റ് ജോലിയിലായിരുന്നു അശുതോഷ് റാങ്ക. സൗരവ് ദാസാകട്ടെ രാജ്യത്തെ നിയമസംവിധാനത്തെക്കുറിച്ച് എഴുതുകയും മികച്ച ജീവിതം നയിക്കുകയും ചെയ്തിരുന്നു. ഇരുവർക്കും സാമ്പത്തികസുരക്ഷയും വിജയകരമായ തൊഴിൽജീവിതവുമുണ്ടായിരുന്നു. എന്നാൽ രാജ്യത്ത് മാറ്റമുണ്ടാക്കണമെന്ന പ്രതീക്ഷയിൽ അതെല്ലാം ഉപേക്ഷിച്ചാണ് അവർ ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായതെന്ന് ദീപ്കെ പറഞ്ഞു.
‘സുഖമായി ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും അവർ അതെല്ലാം ഉപേക്ഷിച്ചു. തെരുവിലിറങ്ങാനോ അനിശ്ചിതത്വം നേരിടാനോ ഒടുവിൽ ജയിലിലെത്താനോ അവർക്ക് ഒരു കാരണവുമുണ്ടായിരുന്നില്ല. എന്നിട്ടും അവർ അത് തെരഞ്ഞെടുത്തു.’
സൗകര്യങ്ങളുള്ള ജീവിതപശ്ചാത്തലത്തിൽനിന്ന് വന്നിട്ടും അത്രയും ഭാഗ്യമില്ലാത്ത മനുഷ്യർക്കുവേണ്ടി പോരാടാൻ ഇരുവരും തയ്യാറായതാണ് താൻ ഏറ്റവും കൂടുതൽ ആദരിക്കുന്നതെന്നും ദീപ്കെ വ്യക്തമാക്കി.
‘അവർക്ക് ഇതൊന്നും ശ്രദ്ധിക്കാതെ സ്വന്തം ജീവിതം ആസ്വദിക്കാമായിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത മനുഷ്യരുടെ ദുരിതങ്ങൾ അവഗണിക്കാമായിരുന്നു. ഈ ത്യാഗങ്ങൾ ചെയ്യാൻ ആരും അവരോട് ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും അവർ അതിന് തയ്യാറായി. കാരണം സ്വന്തം ജീവിതത്തിനപ്പുറം മറ്റുള്ളവരെക്കുറിച്ചും അവർ ചിന്തിക്കുന്നു.’
‘പരിചയമില്ലാത്ത മനുഷ്യർക്കുവേണ്ടി നിലകൊള്ളുക, സ്വന്തം പ്രശ്നങ്ങളല്ലാത്ത പോരാട്ടങ്ങളിൽ പങ്കാളികളാകുക, മറ്റൊരാളുടെ ജീവിതം മെച്ചപ്പെടാൻ സ്വന്തം നേട്ടങ്ങളെല്ലാം അപകടത്തിലാക്കുക എന്നതൊക്കെ ഒരു മനുഷ്യനുണ്ടാകാവുന്ന ഏറ്റവും മഹത്തായ ഗുണമാണ്. അങ്ങനെയുള്ള മനുഷ്യരാണ് അശുതോഷും സൗരവും’. ദീപ്കെ കുറിച്ചു.
ഒക്ടോബർ 13ന് ജന്തർമന്തറിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ സൗരവിന്റെയും അശുതോഷിന്റെയും ജുഡീഷ്യൽ കസ്റ്റഡി രണ്ടുദിവസം കൂടി നീട്ടിയിരിക്കുകയാണ്. ജാമ്യനടപടികൾ മനഃപൂർവം വൈകിപ്പിച്ച് നേതാക്കളെ തടങ്കലിൽ തുടരാൻ നിർബന്ധിതരാക്കുകയാണെന്നാണ് സിജെപി പറയുന്നത്.









0 comments