Deshabhimani

സൗരവിനും അശുതോഷിനും ജാമ്യമില്ല; മോചനം തടയാൻ തുടർച്ചയായ നീക്കങ്ങളെന്ന് സിജെപി

Ashutosh ranka Saurav das
വെബ് ഡെസ്ക്

Published on Oct 19, 2026, 07:14 PM | 1 min read

ന്യൂഡൽഹി: ജന്തർമന്തർ സമരത്തിൽ അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ടുദിവസം കൂടി നീട്ടി. അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചിട്ടും ഇരുവരെയും മോചിപ്പിക്കാതെ തടങ്കൽ തുടരുകയാണ്. ജാമ്യനടപടികൾ മനഃപൂർവം വൈകിപ്പിച്ചും പുതിയ തടസ്സങ്ങൾ സൃഷ്ടിച്ചും നേതാക്കളെ ജയിലിൽ തന്നെ ഇടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സിജെപി കുറ്റപ്പെടുത്തി.


തിങ്കളാഴ്ച പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ നടന്ന വാദത്തിനൊടുവിലാണ് കസ്റ്റഡി വീണ്ടും നീട്ടിയത്. നേതാക്കളെ വിട്ടയച്ചാൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി അഞ്ചുദിവസം കൂടി തടങ്കൽ നീട്ടണമെന്നായിരുന്നു ഡൽഹി പൊലീസിന്റെ ആവശ്യം. പുതിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കിയിട്ടും കസ്റ്റഡി നീട്ടണമെന്ന നിലപാടിൽ പൊലീസ് ഉറച്ചുനിന്നു.


ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകിപ്പിക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ അസാധാരണ നടപടികളാണ് ഉണ്ടായതെന്ന് സിജെപി നിയമകാര്യ ചുമതലയുള്ള രത്ന സിങ് ചൂണ്ടിക്കാട്ടി. ഞായറാഴ്ച ഉച്ചയ്ക്ക് നിശ്ചയിച്ച വാദം ആരംഭിച്ചത് മണിക്കൂറുകൾ വൈകിയാണ്. മജിസ്ട്രേറ്റ് എത്തിയശേഷം ഏതാനും മിനിറ്റുകൾ മാത്രമാണ് നടപടികൾ നടന്നത്. ഭീഷണി സന്ദേശം ലഭിച്ചെന്ന് പറഞ്ഞ് അദ്ദേഹം പെട്ടെന്ന് നടപടികളിൽനിന്ന് പിന്മാറി.


നേതാക്കളുടെ മോചനത്തിനായി ഹാജരാക്കിയ ജാമ്യക്കാരെ മതിയായ കാരണമില്ലാതെ നിരസിച്ചതായും സിജെപി പറയുന്നു. ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരിക്കുക, വിചാരണ വൈകിപ്പിക്കുക, പ്രതികളെ ഹാജരാക്കുന്നതിൽ തടസ്സങ്ങളുണ്ടാകുക തുടങ്ങി തുടർച്ചയായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് രത്ന സിങ് അധികൃതരുടെ ഇടപെടലിനെ ചോദ്യം ചെയ്തത്. മോചനനടപടികൾ വൈകുന്നതിന് പിന്നിൽ മുകളിൽനിന്നുള്ള നിർദേശങ്ങളുണ്ടെന്ന സംശയവും അവർ ഉന്നയിച്ചു.


ഒക്ടോബർ 13ന് ജന്തർമന്തറിൽ ദേശീയപതാകയേന്തി പ്രതിഷേധിച്ചതിനാണ് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഇരുവരെയും തിഹാർ ജയിലിലേക്കു മാറ്റുകയായിരുന്നു. ജന്തർമന്തറിലെ നിയന്ത്രണങ്ങൾ മറികടന്നെന്ന പേരിലായിരുന്നു നടപടി.


മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടപടിയും ആവശ്യപ്പെട്ടാണ് സിജെപി പ്രക്ഷോഭം നടത്തുന്നത്. പ്രതിഷേധങ്ങൾക്ക് വീണ്ടും നേതൃത്വം നൽകുമെന്ന സാധ്യതപോലും കസ്റ്റഡി നീട്ടാനുള്ള കാരണമായി പൊലീസ് ഉയർത്തുകയാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home