Deshabhimani

വിവാഹമോചനത്തിനുശേഷം മദ്യപാനം നിയന്ത്രണംവിട്ടു, 26 ദിവസം ലഹരിമുക്തി കേന്ദ്രത്തിൽ കഴിഞ്ഞു: യുസ്‌വേന്ദ്ര ചാഹൽ

yuzvendra chahal dhanasree
വെബ് ഡെസ്ക്

Published on Oct 19, 2026, 06:54 PM | 2 min read

ന്യൂഡൽഹി: വിവാഹമോചനത്തിനുശേഷം മദ്യപാനം നിയന്ത്രണാതീതമായെന്നും ജീവിതം പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ 26 ദിവസം ലഹരിമുക്തി കേന്ദ്രത്തിൽ കഴിയേണ്ടിവന്നെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ ‘ബൈഠ് ആൻഡ് ബോൽ’ പോഡ്കാസ്റ്റിലാണ് വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെയും മദ്യാസക്തിയെയും കുറിച്ച് ചാഹൽ തുറന്നുപറഞ്ഞത്.


ഐപിഎല്ലിന്റെ തുടക്കകാലത്താണ് മദ്യപാനം ശീലമായത്. എന്നാൽ മുൻ ഭാര്യ ധനശ്രീ വർമയുമായുള്ള വിവാഹമോചനത്തിനുശേഷം മദ്യപാനത്തിന്റെ അളവ് വർധിച്ചു. മാനസിക സമ്മർദവും ഉത്കണ്ഠയും പാനിക് അറ്റാക്കുകളും നേരിട്ടു. സമൂഹമാധ്യമങ്ങളിൽ വ്യക്തിജീവിതത്തെക്കുറിച്ച് നടന്ന ചർച്ചകളും വിമർശനങ്ങളും മാനസികമായി ബാധിച്ചെന്നും ചാഹൽ പറഞ്ഞു.


‘കഴിഞ്ഞ വർഷത്തെ കൗണ്ടി ക്രിക്കറ്റ് സീസണിന് ശേഷമാണ് മദ്യപാനം എല്ലാ പരിധികളും കടന്നുവെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ലഹരിമുക്തി കേന്ദ്രത്തിൽ പ്രവേശിച്ചു. 26 ദിവസം അവിടെ കഴിഞ്ഞു. ആ തീരുമാനം ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി’. ചാഹൽ വ്യക്തമാക്കി.


മദ്യപാനം തുടരുന്നത് തന്റെ ക്രിക്കറ്റ് ജീവിതത്തെയും ബാധിച്ചേക്കാമെന്ന തിരിച്ചറിവാണ് ചികിത്സ തേടാൻ പ്രേരിപ്പിച്ചത്. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളെ കൂടുതൽ പക്വതയോടെ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നുവെന്നും മദ്യപാനം അതിന് തടസ്സമായെന്നും അദ്ദേഹം പറഞ്ഞു.


പാനിക് അറ്റാക്കുകളുണ്ടായപ്പോൾ ഹൃദയമിടിപ്പ് അസാധാരണമായി വർധിക്കുകയും സംസാരിക്കാൻപോലും പ്രയാസപ്പെടുകയും ചെയ്തിരുന്നു. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ പ്രതിസന്ധി മറികടക്കാൻ സഹായിച്ചു. ചികിത്സയ്ക്കുശേഷം മാനസികാവസ്ഥയിലും ശാരീരികക്ഷമതയിലും മാറ്റമുണ്ടായെന്നും പരിശീലനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞെന്നും ചാഹൽ വ്യക്തമാക്കി.


2025 മാർച്ചിലാണ് ചാഹലിന്റെയും നർത്തകിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ധനശ്രീ വർമയുടെയും വിവാഹമോചനം നിയമപരമായി പൂർത്തിയായത്.


എപ്പോഴാണ് മദ്യപാനം പ്രശ്നമാകുന്നത്?


മദ്യപിക്കുന്നതിന്റെ അളവ് മാത്രമല്ല പ്രശ്നം. അത് നമ്മളെ എത്രത്തോളം നിയന്ത്രിക്കുന്നുണ്ട്, നമ്മുടെ ജീവിതത്തെ അത് എങ്ങനെ ബാധിക്കുന്നുണ്ട് എന്നതിലാണ് കാര്യം.


ഉദ്ദേശിച്ചതിലും കൂടുതൽ മദ്യപിക്കുക, കുറയ്ക്കാൻ തീരുമാനിച്ചിട്ടും കഴിയാതിരിക്കുക, മദ്യപാനം കാരണം ജോലിയിലും കുടുംബബന്ധങ്ങളിലും പ്രശ്നങ്ങളുണ്ടാകുക, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും മദ്യപാനം തുടരുക തുടങ്ങിയവ മുന്നറിയിപ്പുകളാണ്.


മാനസിക സമ്മർദം, ദുഃഖം, ഏകാന്തത എന്നിവ മറികടക്കാൻ മദ്യത്തെ ആശ്രയിക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. മദ്യം താൽക്കാലിക ആശ്വാസം നൽകുന്നതായി തോന്നാമെങ്കിലും ഉത്കണ്ഠയും ഉറക്കപ്രശ്നങ്ങളും കൂടുതൽ രൂക്ഷമാക്കാം.


മദ്യാസക്തി ചികിത്സിക്കാവുന്ന ആരോഗ്യപ്രശ്നമാണ്. കൗൺസലിങ്, മാനസികാരോഗ്യ ചികിത്സ, ആവശ്യമായ മരുന്നുകൾ, കുടുംബത്തിന്റെ പിന്തുണ എന്നിവയിലൂടെ മാറ്റം സാധ്യമാണ്. ദീർഘകാലമായി അമിതമായി മദ്യപിക്കുന്നവർ പെട്ടെന്ന് മദ്യപാനം നിർത്തുന്നത് ചില സാഹചര്യങ്ങളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതിനാൽ ചികിത്സ തേടേണ്ടതുണ്ട്.


ചാഹലിന്റെ അനുഭവവും ഇത്തരമൊരു പ്രതിസന്ധി തിരിച്ചറിഞ്ഞ് സമയത്ത് ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യമാണ് മുന്നോട്ടുവയ്ക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home