സൈബർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട അധ്യാപികയ്ക്ക് 3.73 ലക്ഷം രൂപ നൽകണം; എസ്ബിഐയോട് ഹൈക്കോടതി

കൊച്ചി : സൈബർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട അധ്യാപികക്ക് 3.73 ലക്ഷം രൂപ തിരികെ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ഹൈക്കോടതിയുടെ നിർദേശം. പണം നഷ്ടപ്പെട്ടതിന് കാരണം ഉപഭോക്താവിന്റെ അശ്രദ്ധയാണെന്ന് തെളിയിക്കാൻ ബാങ്കിന് കഴിഞ്ഞില്ലെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ വ്യക്തമാക്കി.
2019ലാണ് തട്ടിപ്പിനിടയായ സംഭവം. കണ്ണൂർ മട്ടന്നൂർ സ്വദേശിനിയായ അധ്യാപികയുടെ ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യുമെന്ന സന്ദേശവും തുടർന്ന് കാർഡ് വീണ്ടും സജീവമാക്കാനെന്ന വ്യാജേന തട്ടിപ്പുകാർ ഫോണിൽവിളിച്ച് ഒടിപി കൈക്കലാക്കുകയുമായിരുന്നു. തുടർന്ന് അക്കൗണ്ടിൽനിന്ന് 3.75 ലക്ഷം രൂപയോളം പിൻവലിച്ചു.
തട്ടിപ്പ് നടന്നയുടനെ അധ്യാപിക ബാങ്കിനെയും പൊലീസിനെയും വിവരമറിയിച്ചെങ്കിലും പണം തിരികെ ലഭിച്ചില്ല. തട്ടിപ്പുകാരെ തിരിച്ചറിഞ്ഞിട്ടും നടപടിയുണ്ടായില്ല. ബാങ്കിങ് ഓംബുഡ്സ്മാനും പരാതി തള്ളിയതിനെ തുടർന്നാണ് ഹെെക്കോടതിയെ സമീപിച്ചത്.
സൈബർ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്ന സംഭവങ്ങളിൽ ഉപഭോക്താവിന്റെ അശ്രദ്ധ ആരോപിച്ചതു കൊണ്ടുമാത്രം ബാങ്കിന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ബാങ്കിങ് ഓംബുഡ്സ്മാന്റെ ഉത്തരവ് റദ്ദാക്കിയ കോടതി, നാലാഴ്ചയ്ക്കകം 3.73 ലക്ഷം രൂപ തിരികെ നൽകാനും ബാങ്കിനോട് നിർദേശിച്ചു.









0 comments