ad
Deshabhimani

ഹാലൻഡും ഇന്ത്യൻ ഫുട്ബോളും; പത്തുവർഷം മുൻപത്തെ ആ മത്സരത്തിന്റെ ഓർമ്മയിൽ

NORWAY VS INDIA

2016-ൽ ഇന്ത്യൻ അണ്ടർ-17 ടീമിനെതിരെ കളിക്കുന്ന നോർവേ അണ്ടർ-17 ടീമിന്റെ എർലിംഗ് ഹാലൻഡ്| Photo Credit:Social Media

വെബ് ഡെസ്ക്

Published on Jul 06, 2026, 05:43 PM | 1 min read

ന്യൂഡൽഹി: ലോകകപ്പ് പ്രീക്വാർട്ടറിൽ ബ്രസീലിനെ തകർത്ത് നോർവേ ക്വാർട്ടറിൽ പ്രവേശിക്കുമ്പോൾ, എർലിംഗ് ഹാലൻഡ് എന്ന സൂപ്പർ താരത്തിന്റെ ചരിത്രത്തിലേക്ക് പുതിയൊരു വെളിച്ചം വീശുകയാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ.


പത്തുവർഷം മുമ്പ് ഇന്ത്യ അണ്ടർ-17 ടീമിനെതിരെ ഹാലൻഡ് ബൂട്ടണിഞ്ഞിരുന്നു എന്ന വസ്തുതയാണ് ഇപ്പോൾ കായിക ലോകത്ത് ചർച്ചയാകുന്നത്.


2017-ലെ അണ്ടർ-17 ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായി നടത്തിയ സന്നാഹ മത്സരങ്ങളിലൊന്നിലാണ് നോർവേയുടെ ഈ കുതിപ്പ് കണ്ടത്.


2016 ജൂൺ 29-ന് നടന്ന മത്സരത്തിൽ നോർവേ ഇന്ത്യയെ 2-0ത്തിന് തോൽപ്പിച്ചു. മത്സരത്തിന്റെ 57-ാം മിനിറ്റിൽ ഹാലൻഡ് തന്നെയാണ് നോർവേയ്ക്കായി ആദ്യ ഗോൾ നേടിയത്.


ഇന്ത്യൻ താരം സഞ്ജീവ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് അന്ന് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. വിനീഷ്യസ് ജൂനിയർ ഉൾപ്പെട്ട ബ്രസീൽ അണ്ടർ-17 ടീമിനെതിരെയും ഇന്ത്യ അന്ന് പരീക്ഷണ മത്സരങ്ങളിൽ കളിച്ചിരുന്നു.


ആ ഇന്ത്യൻ ടീമിലുണ്ടായിരുന്ന സുരേഷ് വാങ്ജം ഹാലൻഡിനെ ടാക്കിൾ ചെയ്യുന്ന ചിത്രം 2022-ൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. "ഞാൻ ആ പന്ത് കൈക്കലാക്കിയിരുന്നു" എന്ന് തമാശരൂപേണ സുരേഷ് അന്ന് ആ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു.


ഹാലൻഡിനെപ്പോലൊരു താരത്തെ തളയ്ക്കാനുള്ള വ്യക്തമായ പദ്ധതികളുമായിട്ടാണ് അന്ന് ടീം കളത്തിലിറങ്ങിയതെന്ന് സുരേഷ് പിന്നീട് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.


അന്ന് ഇന്ത്യയ്ക്കായി കളിച്ച പലരും പിന്നീട് ഇന്ത്യൻ സീനിയർ ടീമിലേക്കും ഐഎസ്എല്ലിലേക്കും വളർന്നു. എന്നാൽ അന്ന് ഒരേ ഗ്രൗണ്ടിൽ പന്ത് തട്ടിയ ഹാലൻഡ് വളർന്നത് ലോകഫുട്ബോൾ അടക്കിഭരിക്കുന്ന ഒരു സൂപ്പർ താരത്തിലേക്കാണ്.


ഇന്ന് ലോകകപ്പ് ക്വാർട്ടറിൽ നോർവേ ഹാലൻഡിന്റെ കരുത്തിൽ കുതിക്കുമ്പോൾ, ഫിഫ റാങ്കിംഗിൽ 138-ാം സ്ഥാനത്തുള്ള ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെക്കുറിച്ചുള്ള വലിയൊരു ചോദ്യചിഹ്നം കൂടിയാണ് ഈ താരതമ്യം ഉയർത്തുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home