തുടരെ മർദനം, ബെൽറ്റിനും അടിച്ചു; ആകൃതി നേരിട്ടത് ക്രൂരമായ സ്ത്രീധന പീഡനം, ഭർത്താവ് അറസ്റ്റിൽ

ആകൃതിയുടെ വിവാഹ ചിത്രം (Photo: NDTV)
ന്യൂഡൽഹി: ഡൽഹിയിൽ നവവധു കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അരസ്തു സിക്കയാണ് പൊലീസിന്റെ പിടിയിലായത്. ചത്തർപുരിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന ആകൃതി സുതാർ എന്ന 28 കാരിയാണ് ശനിയാഴ്ച വൈകിട്ട് ഡൽഹി ലോധി കോളനിയിലെ എൻഡിഎംസി ഫ്ലാറ്റിൽ നിന്ന് വീണു മരിച്ചത്. മരണം ആത്മഹത്യയല്ലെന്നും സ്ത്രീധനത്തിനു വേണ്ടിയുള്ള ആസൂത്രിത കൊലപാതകമാണെന്നും ആരോപിച്ച് ആകൃതിയുടെ അമ്മ അനു സേ സുതാർ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് അരസ്തു സിക്ക അറസ്റ്റിലായത്.
വിവാഹം കഴിഞ്ഞും ജോലി തുടരുമെന്ന വ്യവസ്ഥയിലാണ് ആകൃതി പ്രണയവിവാഹത്തിനു സമ്മതം അറിയിച്ചത്. എന്നാൽ വിവാഹത്തിന് ശേഷം ജോലിക്ക് പോകുന്നത് തടഞ്ഞു. വീട്ടുജോലികൾ ചെയ്യിപ്പിച്ച് ഭർത്താവും സഹോദരി അഗസ്തികയും ആകൃതിയെ പീഡിപ്പിക്കാൻ തുടങ്ങി. ഫോൺ സൈലന്റ് ചെയ്തതിനും ഭർത്താവിന്റെ കോൾ എടുത്തില്ലെന്നും ചൂണ്ടിക്കാണിച്ച് ആകൃതിയെ ബെൽറ്റ് കൊണ്ട് വരെ ക്രൂരമായി മർദിച്ചതായി റിപ്പോർട്ടുണ്ട്. മറ്റു പുരുഷന്മാരുമായി വഴിവിട്ട ബന്ധമുള്ളതു കൊണ്ടാണ് ഫോൺ സൈലന്റ് ആക്കുന്നതെന്ന് ആരോപിച്ചായിരുന്നു മർദനം.
കൂടാതെ ഭക്ഷണം വീണ്ടും ചൂടാക്കി നൽകിയില്ലെന്നും ആരോപിച്ച് ഭർത്താവ് ആകൃതിയെ ക്രൂരമായി മർദിച്ചു. ഭർത്താവ് തന്നെ കൊലപ്പെടുത്തുമെന്ന ഭയം ആകൃതി തന്റെ അമ്മയോട് തുറന്നു പറഞ്ഞിരുന്നതായാണ് വിവരം. അതേസമയം, വിവാഹത്തിനായി തങ്ങൾ 7 മുതൽ 8 ലക്ഷം രൂപ വരെ ചെലവാക്കിയിരുന്നതായി ആകൃതിയുടെ കുടുംബം പറഞ്ഞു. ഇതിനുപുറമേ 20 ലക്ഷം രൂപ കൂടി സ്ത്രീധനമായി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂരമർദനമെന്ന് ആകൃതിയുടെ കുടുംബം ആരോപിച്ചു. മരണത്തിന് തൊട്ടുമുമ്പ് ഓഫീസിൽ പാർട്ടി നടത്തുകയും അമ്മയോട് സന്തോഷത്തോടെ സംസാരിക്കുകയും ചെയ്തുവെന്ന് പറഞ്ഞ കുടുംബം അവൾ ആത്മഹത്യ ചെയ്തുവെന്ന വാദം പൂർണമായും തള്ളിക്കളഞ്ഞു.
അരസ്തുവിന്റെ കുടുംബം താമസിക്കുന്നത് പുഷ്പ് വിഹാറിലാണ്. എന്നാൽ ഇവിടെ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയുള്ള ലോധി കോളനിയിലെ ഫ്ലാറ്റിലാണ് ആകൃതിയുടെ മൃതദേഹം കണ്ടെത്തിയത്. ജൂലൈ 4ന് രാവിലെ ജോലിക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ആകൃതി എങ്ങനെയാണ് ഈ സ്ഥലത്ത് എത്തിയത് എന്നതിൽ ദുരൂഹത നിലനിൽക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.











0 comments