നീതി തേടി റെയിൽവേ തൊഴിലാളികൾ: ജൂലൈ എട്ടിന് ചെന്നൈ റെയിൽവേ ജിഎം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

പാലക്കാട്: ദക്ഷിണ റെയിൽവേ സ്വീകരിക്കുന്ന ജനവിരുദ്ധ നിലപാടുകൾക്കെതിരെ ദക്ഷിണ റെയിൽവെ എംപ്ലോയീസ് യൂണിയൻ(ഡിആർഇയു) പ്രക്ഷോഭത്തിനൊരുങ്ങുന്നു. കൈവരിച്ച വികസന പദ്ധതികൾക്കും വർധിച്ച ഗതാഗത സൗകര്യത്തിനും വരുമാന വളർച്ചക്കും ആനുപാതികമായി തസ്തികകൾ അനുവദിക്കാതെ നിലവിലുള്ള തസ്തികകൾ വെട്ടിക്കുറച്ചും ഒഴിവുകൾ നികത്താതെയും അമിത അധ്വാന ഭാരം അടിച്ചേൽപ്പിക്കുകയും ട്രേഡ് യൂണിയന്റെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയുമാണ് ഡിആർഇയു സമരം ശക്തിപ്പെടുത്തുന്നുന്നത്.
റെയിൽവേയിൽ സുരക്ഷാ ജോലികളിൽ ഉൾപ്പെടെ നാല് ലക്ഷം ഒഴിവുകളാണ് വർ ഷങ്ങളായി നികത്തപ്പെടാതെ കിടക്കുന്നത്. ഓരോ വർഷവും വിവിധ പദ്ധതികളിലായി മൂന്ന് ലക്ഷത്തോളം കോടിയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നു, പുതിയ വണ്ടികൾ ഏർപ്പെടുത്തുന്നു യാത്രക്കാരും ചരക്കു ഗതാഗതവും വരുമാനവും വർധിക്കുന്നു. അവ പരിപാലിക്കാനും സുരക്ഷ ഉറപ്പാക്കാനും വണ്ടികൾ ഓടിക്കാനും കൂടുതൽ തസ്തികകൾ അനുവദിക്കുന്നതിനു പകരം ഉള്ള തസ്തികകൾ വേണ്ടെന്നു വച്ചും ഒഴിവുകൾ നികത്താതെയും ദൈനം ദിന പ്രവർത്തനങ്ങളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.
ഇതിനിടയിലും ദക്ഷിണ റെയിൽവേ പാസഞ്ചർ, ചരക്കുകടത്തൽ, മറ്റു പ്രവർത്തനങ്ങൾ എല്ലാ വിഭാഗങ്ങളിലും റെക്കോർഡ് നേട്ടമാണ് കൈവരിച്ചിട്ടുള്ളത്.നിശ്ചയിച്ചിരുന്ന ലക്ഷ്യത്തെക്കാൾ വളരെ കൂടുതൽ ഗതാഗതം കൈകാര്യം ചെയ്തു. വരുമാനം 8.84%വർധിച്ച് 13777 കോടി രൂപയായി .ലക്ഷ്യമിട്ടതിനേക്കാൾ 446കോടി രൂപ അധികം. സമയനിഷ്ഠക്കും സുരക്ഷക്കും ഒട്ടേറെ അവാർഡുകൾ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ വാരിക്കൂട്ടി. റെയിൽവേ ഗതാഗതം തടസ്സപ്പെടാതെ മുന്നോട്ടുകൊണ്ട് പോകാൻ മതിയായ വിശ്രമമില്ലാതെ,അമിത അധ്വാനം പേറിയും ഒട്ടേറെ ശരീരികവും മാനസികാവുമായ സമ്മർദ്ദങ്ങൾ സഹിച്ചുമാണ് തൊഴിലാളികൾ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
എന്നാൽ ഈ സാഹചര്യത്തിലും തൊഴിലാളികൾ വർഷങ്ങളായി മുന്നോട്ടുവച്ചിട്ടുള്ള ഏറ്റവും മിതവും ന്യായവും നിയമങ്ങൾ അനുശാസിക്കുന്നതുമായ ആവശ്യങ്ങൾ പോലും പരിഗണിക്കാൻ റയിൽവേ ഭരണകൂടം വിസമ്മതിക്കുകയാണ് വ്യവസ്ഥാപിതമായ കൂടിയാലോചനാ സംവിധാനമായ മൂന്നു മാസത്തിലൊരിക്കൽ ചേരേണ്ട പിഎൻഎം മീറ്റിങ്ങുകൾ വിളിച്ചു ചേർക്കുന്നില്ല. 2024ഡിസംബറിൽ നടന്ന റെഫറണ്ടത്തിൽ അംഗീകാരം നേടിയ ഡിആര്‍ഇയുവിനു മതിയായ ഓഫീസ് സൗകര്യങ്ങളോ, മാനേജ്മെന്റ് പങ്കാളിതത്വ സംവിധാനമോ ലഭമാക്കുന്നില്ല
മതിയായ ജീവനക്കാരുടെ അഭാവം സുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്, ഈ സാഹചര്യത്തിൽ കൈവരിച്ച നേട്ടങ്ങളുടെ മറവിൽ റെയിൽവേ ഗതാഗതം നേരിടുന്ന പ്രശ്നങ്ങൾ അവഗണിക്കാതെ ജീവനക്കാരുടെ സംഘടനകളുമായി കൂടിയാലോചന നടത്തി തൊഴിൽ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും ഒഴിവുകൾ നികത്താനും പുതിയ വണ്ടികൾക്കും ഗതാഗത വർധനവിനും ആനുപാതികമായി തസ്തികകൾ അനുവദിക്കാനും ബോണസ് കണക്കാക്കുന്ന ശമ്പള പരിധി പിൻവലിക്കാനും യൂണിയനുകൾക്ക് ലഭ്യമാക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും ആവിശ്യപ്പെട്ടും ഡിആഇയു കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ള ജൂലൈ 8 ജി എം ഓഫീസ് മാർച്ചിൽ എല്ലാ തൊഴിലാളികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നതായും ഡിഎർഡിയു വ്യക്തമാക്കി










0 comments