ad
Deshabhimani

ലോക്കോ പൈലറ്റ് ഒഴിവുകൾ അടിയന്തരമായി നികത്തുക; പ്രതിഷേധവുമായി എ ഐ എൽ ആർ എസ് എ

Loco Pilot

AI പ്രതീകാത്മക ചിത്രം / Gemini

വെബ് ഡെസ്ക്

Published on Jul 06, 2026, 06:51 PM | 2 min read

എറണാകുളം: സതേൺ റെയിൽവേയിലെ ലോക്കോ പൈലറ്റ് ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് ആവശ്യം. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് വഴിയും, അപേക്ഷ നൽകി കാത്തിരിക്കുന്ന ജീവനക്കാരുടെ ഇൻ്റർ ഡിവിഷൻ, ഇൻ്റർ സോൺ ട്രാൻസ്ഫറുകളിലൂടെയും ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ട് ലോക്കോ പൈലറ്റുമാരുടെ സംഘടനയായ ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സതേൺ റെയിൽവേയിലെ വിവിധ ഡിപ്പോകൾ കേന്ദ്രീകരിച്ച് ധർണകൾ നടന്നു.


2018-ലെ ആർആർബി റിക്രൂട്ട്‌മെൻ്റിന് ശേഷം നീണ്ട ആറ് വർഷങ്ങൾക്ക് ശേഷമാണ് 2024-ൽ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ആർആർബി 1/24 പരീക്ഷകൾ, മെഡിക്കൽ പരിശോധനകൾ, ട്രെയിനിങ് എന്നിവ പൂർത്തിയാക്കി കഴിഞ്ഞ ദിവസം 463 പേർ സതേൺ റെയിൽവേയിലെ വിവിധ ഡിവിഷനുകളിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. എന്നാൽ ആകെ വിജ്ഞാപനം ചെയ്ത 726 ഒഴിവുകളിൽ 263 പേരെക്കൂടി ഇനി ട്രെയിനിങ്ങിന് വിട്ട് ഒഴിവുകൾ നികത്തേണ്ടതുണ്ട്.


ആർആർബി 1/25 അപ്പോയ്മെൻ്റ് നോട്ടീസിൽ കഴിഞ്ഞ വർഷം ആദ്യം സതേൺ റെയിൽവേയിലേക്ക് വിജ്ഞാപനം ചെയ്ത 510 ഒഴിവുകളിലേക്കുള്ള പരീക്ഷകൾ ഇനിയും നടക്കാനുണ്ട്. ഇതിന് പുറമെ 2026-ലേക്ക് നിലവിൽ 250 ഒഴിവുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് യുവാക്കൾ റെയിൽവേ ജോലിക്ക് അപേക്ഷ നൽകി കാത്തിരിക്കുമ്പോഴും ഒരു പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് ഇടാൻ 2 വർഷവും, ട്രെയിനിങ്ങിനായി മറ്റൊരു വർഷവും എടുക്കുന്ന ആർആർബിയുടെ മന്ദഗതിയിലുള്ള പ്രവർത്തനങ്ങൾക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നുവരുന്നത്.


സതേൺ റെയിൽവേയിൽ ആകെ വേണ്ട 5850 ലോക്കോ റണ്ണിംഗ് ജീവനക്കാരിൽ വെറും 4450 ജീവനക്കാർ മാത്രമാണ് നിലവിൽ ജോലിയിലുള്ളത്. ആകെയുള്ള 1440 ഒഴിവുകളിൽ 463 പേർ ജോയിൻ ചെയ്തെങ്കിലും ഇനിയും 977 ഒഴിവുകൾ കൂടി നികത്താനുണ്ട്. നിയമപ്രകാരം ഒഴിവുകൾ നികത്തുമ്പോൾ 65% തസ്തികകളിലേക്ക് മറ്റ് ഡിവിഷനുകളിൽ നിന്നും സോണുകളിൽ നിന്നും അപേക്ഷിച്ച ജീവനക്കാർക്ക് ട്രാൻസ്ഫർ നൽകേണ്ടതുണ്ട്.


എന്നാൽ വർഷങ്ങളായി കേരളത്തിലേക്കും തങ്ങളുടെ സ്വന്തം നാട്ടിലേക്കും ട്രാൻസ്ഫർ അപേക്ഷ നൽകി കാത്തിരിക്കുന്ന മുതിർന്ന ജീവനക്കാരെ പരിഗണിക്കാതെ, ഉദ്യോഗസ്ഥർ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്ന് സംഘടന ആരോപിക്കുന്നു. സീനിയോറിറ്റി മറികടന്ന് ജൂനിയർ ജീവനക്കാർക്ക് നിയമവിരുദ്ധമായി ട്രാൻസ്ഫർ നൽകിയ സംഭവങ്ങൾ ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുണ്ട്.


അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ കാരണം നിലവിലെ ജീവനക്കാർക്ക് കൃത്യമായി അവധിയോ, ആവശ്യമായ വിശ്രമമോ ലഭിക്കുന്നില്ല. അമിത ജോലിഭാരവും ആഴ്ചയിലുള്ള വിശ്രമം പോലും നിഷേധിക്കപ്പെടുന്നതും ജീവനക്കാരുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. കൂടാതെ, ലോക്കോ പൈലറ്റുമാർക്ക് ഷണ്ടർ , ഗുഡ്സ്, പാസഞ്ചർ, എക്സ്പ്രസ്, മെമു, വന്ദേ ഭാരത് തുടങ്ങിയ ട്രെയിനുകൾ ഓടിക്കാൻ ആവശ്യമായ പ്രൊമോഷൻ ട്രെയിനിങ്ങുകൾ നൽകാൻ അധികൃതർ തയ്യാറാകുന്നില്ല.


കൃത്യസമയത്ത് നടക്കേണ്ട പീരിയോഡിക്കൽ മെഡിക്കൽ എക്സാമിനേഷൻ, പീരിയോഡിക്കൽ ട്രെയിനിങ്ങുകൾ എന്നിവയെല്ലാം മാറ്റിവെക്കുന്നത് റെയിവേയുടെ യാത്രാ സുരക്ഷിതത്വത്തെപ്പോലും സാരമായി ബാധിക്കുന്ന അവസ്ഥയാണ്. ഉടനടി ഇൻ്റർ ഡിവിഷൻ/ ഇൻ്റർ സോൺ ട്രാൻസ്ഫറുകൾ അനുവദിച്ച് ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും അഴിമതി അവസാനിപ്പിക്കണമെന്നും തൊഴിലാളികൾ ശക്തമായി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home