പഞ്ചാബിൽ ലഹരിവേട്ട: 13 കിലോ ഹെറോയിനുമായി മൂന്ന് പേർ അറസ്റ്റിൽ

പ്രതീകാത്മകചിത്രം
ചണ്ഡീഗഡ് : പഞ്ചാബിൽ 13 കിലോ ഹെറോയിനുമായി മൂന്ന് പേർ അറസ്റ്റിലായി. പഞ്ചാബ് പൊലീസിന്റെ അമൃത്സറിലെ കൗണ്ടർ ഇന്റലിജൻസ് യൂണിറ്റ് രണ്ട് മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലകൾ തകർത്തതായും വ്യത്യസ്ത ഓപ്പറേഷനുകളിലായി 13 കിലോ ഹെറോയിനുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ് പറഞ്ഞു. അമൃത്സറിലെ ഖേംകരൻ സ്വദേശിയായ ആകാശ്ദീപ് സിംഗ്, മോഗ ജില്ലയിലെ ഭോദിവാല ഗ്രാമത്തിൽ താമസിക്കുന്ന മംഗൾ സിംഗ്, ബൽജിത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
വിവിധ സ്ഥലങ്ങളിൽ നിന്ന് ഹെറോയിൻ ശേഖരിച്ച് പഞ്ചാബിലുടനീളം പ്രതികൾ വിതരണം ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഡിജിപി പറഞ്ഞു. ആകാശ്ദീപ് സിംഗിന്റെ പക്കൽ വലിയ അളവിൽ ഹെറോയിൻ എത്തിയതായി കൗണ്ടർ ഇന്റലിജൻസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അമൃത്സറിലെ ഖേരാബാദിലുള്ള ഇയാളുടെ വസതി റെയ്ഡ് ചെയ്യുകയും 8 കിലോ ഹെറോയിൻ കണ്ടെടുക്കുകയും ചെയ്തു.
മറ്റൊരു ഓപ്പറേഷനിൽ രണ്ട് പേർ കാറിൽ ഹെറോയിൻ കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് അമൃത്സർ-ചബൽ ജിടി റോഡിൽ ഒരു പൊലീസ് സംഘം ചെക്ക് പോയിന്റ് സ്ഥാപിച്ച് വാഹനം തടഞ്ഞു. പരിശോധനയ്ക്കിടെ കാറിൽ നിന്ന് 5 കിലോ ഹെറോയിൻ കണ്ടെടുത്തയി പൊലീസ് പറഞ്ഞു. എൻഡിപിഎസ് നിയമത്തിലെ വകുപ്പുകൾ പ്രകാരം അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ (എസ്‌എസ്‌ഒസി) പൊലീസ് സ്റ്റേഷനിൽ രണ്ട് വ്യത്യസ്ത എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ പങ്കാളികളായ കൂടുതൽ പേരെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.











0 comments