ad
Deshabhimani

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിൽ അധികാരമാറ്റം; ഹമാസ് ഭരണച്ചുമതല ഒഴിഞ്ഞു

Hamas

ഗാസ സ്ട്രിപ്പ് ഭരിച്ചിരുന്ന ഭരണസമിതി പിരിച്ചുവിട്ടതായി ഹമാസിന്റെ ഗവൺമെന്റ് മീഡിയ ഓഫീസ് മേധാവി ഇസ്മായിൽ അൽ-തവാബ്ത വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന | Photo by EYAD BABA / AFP

വെബ് ഡെസ്ക്

Published on Jul 06, 2026, 07:59 PM | 1 min read

ഗാസ : രണ്ട് പതിറ്റാണ്ടോളം ഗാസ സ്ട്രിപ്പ് ഭരിച്ചിരുന്ന ഭരണസമിതി പിരിച്ചുവിട്ടതായി പലസ്തീൻ ഇസ്ലാമിസ്റ്റ് പ്രസ്ഥാനമായ ഹമാസ് പ്രഖ്യാപിച്ചു. ഗാസയിൽ സിവിൽ ഭരണം നടപ്പിലാക്കുന്നതിനായി ഒരു വിദഗ്ദ്ധ സമിതിക്ക് വഴിമാറിക്കൊടുക്കുന്നതിന്റെ ഭാഗമായാണ് തിങ്കളാഴ്ച ഈ സുപ്രധാന നീക്കമുണ്ടായത്.


ഗവൺമെന്റിന്റെ എമർജൻസി കമ്മിറ്റി തലവൻ മുഹമ്മദ് അൽ-ഫറ ഔദ്യോഗിക രാജി സമർപ്പിച്ചുവെന്ന് ഹമാസിന്റെ ഗവൺമെന്റ് മീഡിയ ഓഫീസ് മേധാവി ഇസ്മായിൽ അൽ-തവാബ്ത പറഞ്ഞു. ഗാസയുടെ ഭരണച്ചുമതലയുള്ള നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസയിലേക്ക് (എൻസിഎജി) ഭരണപരവും ഗവൺമെന്റ് തലത്തിലുമുള്ള മാറ്റങ്ങൾ സുഗമമാക്കുന്നതിനാണ് ഈ കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


2025 ഒക്ടോബറിൽ ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ കരാറിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മധ്യസ്ഥത വഹിച്ചപ്പോൾ രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' ആണ് എൻസിഎജി രൂപീകരിച്ചത്. പുതിയ ടെക്നോക്രാറ്റിക് സമിതിക്ക് ഭരണം കൈമാറുന്നതോടെ ഗാസയിലെ പൊതുവിഷയങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.


ഹമാസിന്റെ നീണ്ട വർഷത്തെ ഭരണത്തിനു ശേഷം ഗാസയിൽ ഭരണപരമായ പുനഃസംഘടനക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കും വഴിതുറക്കുന്നതാണ് ഈ പ്രഖ്യാപനം. വരും ദിവസങ്ങളിൽ സമിതിയുടെ പൂർണമായ രൂപരേഖയും പ്രവർത്തന രീതികളും പുറത്തുവരുമെന്നാണ് നയതന്ത്ര കേന്ദ്രങ്ങൾ നൽകുന്ന സൂചന.


ഗാസയിൽ ഒരു വിദഗ്ദ്ധ സമിതി ഭരണം ഏറ്റെടുക്കുന്നത് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് കൂടുതൽ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വർഷങ്ങളായി തുടരുന്ന സംഘർഷങ്ങൾക്കും യുദ്ധങ്ങൾക്കും ഇതിലൂടെ വിരാമമിടുമെന്നാണ് പ്രത്യാശിക്കാം. യുഎസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ശക്തികളുടെ മധ്യസ്ഥതയിൽ രൂപീകരിച്ച പുതിയ ഭരണസംവിധാനം ഗാസയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻഗണന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്താൻ പോകുന്ന ഒന്നാണ് ഹമാസിന്റെ ഈ അധികാര പിന്മാറ്റം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home