പൈൽസ് ശസ്ത്രക്രിയക്കിടെ മരണം: യുവാവിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും

കണ്ണൂർ: പൈൽസ് ശസ്‌ത്രക്രിയക്കിടെ ബംഗളൂരുവിലെ ഗവ. വിക്ടോറിയ ആശുപത്രിയിൽ മൂന്നുമാസം മുമ്പ് മരിച്ച ഇരിവേരിയിലെ ഷാനവാസിന്റെ മൃതദേഹം ഖബറിൽനിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും.
മരണത്തിൽ നിലനിൽക്കുന്ന ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ നൽകിയ ഹർജി തീർപ്പാക്കി തളിപ്പറമ്പ് സബ് ഡിവിഷനൽ മജിസ്‌ട്രേട്ട് കോടതിയാണ് റീ പോസ്റ്റുമോർട്ടത്തിന് ഉത്തരവിട്ടത്. ഇതനുസരിച്ച് ഇരിവേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കിയ മൃതദേഹം ചൊവ്വാഴ്ച പുറത്തെടുത്ത് പരിശോധിക്കും.
ഭാര്യ മൂന്നുമാസമായി നടത്തിയ നിയമപോരാട്ടമാണ് വിജയം കാണുന്നത്. ഒപ്പം കർണാടകത്തിലെ സർക്കാർ ആശുപത്രിയുടെ ശോച്യാവസ്ഥയും പുറംലോകം അറിയുകയാണ്. സർക്കാർ ആശുപത്രിയായ വിക്ടോറിയയിൽ യാതൊരു ഭൗതിക സൗകര്യവുമില്ലാതെയാണ് ശസ്‌ത്രക്രിയ നടത്തിയതെന്ന് ഭാര്യ ഷെർളി ആരോപിച്ചു. രാത്രിയിൽ ഒരു ഡോക്‌ടർ മാത്രമാണ് ശസ്‌ത്രക്രിയ ചെയ്യാനുണ്ടായിരുന്നത്. നഴ്സിന്റെ സഹായം പോലുമുണ്ടായില്ല. ഓപ്പറേഷൻ തിയറ്ററിന് പുറത്ത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് ശസ്‌ത്രക്രിയ നടത്തിയതെന്നും അദ്ദേഹത്തിന്റെ ഭാര്യ ആരോപിക്കുന്നു.










0 comments