സൗദിയിൽ വാഹനാപകടം: മലപ്പുറം സ്വദേശികളായ ഉമ്മയും മകളും മരിച്ചു

രഹന
ജിദ്ദ: സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കുറ്റിപ്പുറം സ്വദേശികളായ ഉമ്മയും മകളും മരിച്ചു. തിരുന്നാവായ രാങ്ങാട്ടൂർ നടുവട്ടം തെക്കേപീടിയക്കൽ സ്വദേശി രഹന (52), മകൾ ഡോ. നഹ്ല നർമിൻ (22) എന്നിവരാണ് മരിച്ചത്. ഞായർ രാത്രി എട്ടോടെ ത്വാഇഫ്–റിയാദ് എക്സ്പ്രസ് ഹൈവേയിലെ ദലം എന്ന സ്ഥലത്തായിരുന്നു അപകടം.
ഉംറ നിർവഹിച്ച് റോഡുമാർഗം ഖത്തറിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച ലാൻഡ് ക്രൂയിസർ കാറിന്റെ ഗ്ലാസിൽ കാറ്റിൽ പാറിവന്ന പ്ലാസ്റ്റിക് ഷീറ്റ് പതിക്കുകയായിരുന്നു. കാഴ്ചമറഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിൽ പലതവണ മറിഞ്ഞു. ഒപ്പമുണ്ടായിരുന്ന രഹനയുടെ ഭർത്താവ് അബ്ദുല്ലത്തീഫിനും രണ്ട് പെൺമക്കൾക്കും പേരക്കുട്ടിക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
മൃതദേഹങ്ങൾ ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ. സൗദിയിൽ ഖബറടക്കും. അബ്ദുല്ലത്തീഫ് ഖത്തർ പെട്രോകെമിക്കൽ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. രഹനയുടെ ബാപ്പ: ഉമ്മർക്കുട്ടി. ഉമ്മ: മെഹറുന്നിസ.










0 comments