ad
Deshabhimani

മീൻ കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപ്പന; ചെങ്ങന്നൂരിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

Arrest
വെബ് ഡെസ്ക്

Published on Jul 06, 2026, 09:28 PM | 1 min read

ആലപ്പുഴ: ചെങ്ങന്നൂരിൽ രണ്ട് വ്യത്യസ്ത റെയ്ഡുകളിലായി മൂന്നര കിലോ കഞ്ചാവ് പിടിച്ചെടുത്ത് എക്സൈസ് സംഘം. മീൻ വിൽപ്പനയുടെ മറവിലും വഴിയോരങ്ങളിലുമായി ലഹരി കൈമാറ്റം നടത്തിവന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് പരിശോധനയിൽ വലയിലായത്.


മാവേലിക്കര - മാന്നാർ റോഡിൽ മീൻ കച്ചവടത്തിന്റെ മറവിലാണ് പ്രതി കഞ്ചാവ് വിറ്റിരുന്നത്. സ്ഥലത്ത് രാത്രി സമയങ്ങളിൽ യുവാക്കളുടെ വലിയ തിരക്ക് അനുഭവപ്പെട്ടതോടെ നാട്ടുകാർക്ക് സംശയം തോന്നി. തുടർന്ന് നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി രാജീവും സംഘവും സ്ഥലത്ത് പരിശോധനയ്ക്കെത്തിയത്.


തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ മീൻ കുട്ടികൾക്കിടയിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ രണ്ട് കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തു. മീൻ കച്ചവടക്കാരനായ ആസാം സ്വദേശി ബിനോയ് ഡൈമാറിയെ സംഭവസ്ഥലത്തു വച്ച് തന്നെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.


പിന്നാലെ, ബുധനൂരിനടുത്തുള്ള പുലിയൂർ - മാന്നാർ റോഡിൽ വച്ചാണ് രണ്ടാമത്തെ കഞ്ചാവ് വേട്ട നടന്നത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി സജീവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവുമായി ഒരു ബംഗാൾ സ്വദേശി കൂടി പിടിയിലാവുകയായിരുന്നു.


ബംഗാളിലെ ഹരിരാംപൂർ സ്വദേശിയായ ഇരുപത്തിയാറുകാരൻ സനാതൻ സർക്കാരാണ് രണ്ടാമത്തെ കേസിൽ അറസ്റ്റിലായത്. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലും നാട്ടിലെ യുവാക്കൾക്കിടയിലും കഞ്ചാവ് എത്തിച്ചു നൽകുന്ന പ്രധാനികളാണ് പിടിയിലായ ഇരുവരുമെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home