ഡൽഹിയിൽ ആക്രമണം നടത്താൻ പദ്ധതി; പാക് പിന്തുണയുള്ള ഭീകര മൊഡ്യൂളുകൾ തകർത്തു; ആറ് പേർ അറസ്റ്റിൽ

ന്യൂഡൽഹി : തലസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് പാകിസ്ഥാൻ പിന്തുണയുള്ള മൊഡ്യൂളുകളെ ഡൽഹി പൊലീസ് തകർത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആറ് പേരെ അറസ്റ്റ് ചെയ്തു. ഗുണ്ടാത്തലവൻ ഷഹസാദ് ഭട്ടിയുമായി ബന്ധമുള്ളവരാണ് പിടിയിലായത്. തലസ്ഥാനത്ത് ആക്രമണം നടത്താൻ സൂക്ഷിച്ചിരുന്നതായി കരുതുന്ന പെട്രോൾ ബോംബുകൾ, പിസ്റ്റളുകൾ എന്നിവയും പിടിച്ചെടുത്തു. പെട്രോൾ ബോംബുകൾ ഉപയോഗിച്ച് ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാർ നിയോഗിച്ച മൊഡ്യൂളുകളിലൊന്നാണിതെന്ന് പൊലീസ് പറഞ്ഞു. അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോണുകൾ വഴി ഇന്ത്യയിലേക്ക് കടത്തുന്ന ആയുധങ്ങൾ സ്വീകരിക്കുന്നതിലും ഇവർ ഏർപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
ഐഎസ്‌ഐയ്ക്ക് വേണ്ടി ഷഹസാദ് ഭട്ടിയുടെ പാകിസ്ഥാൻ ആസ്ഥാനമായുള്ള കൂട്ടാളികളാണ് പ്രതികളെ നിയന്ത്രിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ഭട്ടിയുടെ കൂട്ടാളിയായ, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലർ റാണ ഹുനൈൻ ആണ് ആദ്യ മൊഡ്യൂൾ നിയന്ത്രിച്ചിരുന്നത്. പെട്രോൾ ബോംബുകൾ ഉപയോഗിച്ച് ഡൽഹിയിലെ ഏതെങ്കിലും സുപ്രധാന സ്ഥാപനത്തിനോ പൊലീസ് കെട്ടിടത്തിനോ നേരെ ആക്രമണം നടത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം- മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാൽ പദ്ധതി നടപ്പിലാക്കുന്നതിനു മുമ്പ് മൊഡ്യൂൾ തകർത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ മുസാഫർനഗർ നിവാസികളായ ഡാനിഷ് എന്ന ചാന്ദ് മിയ (24), സൽമാൻ (20) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പെട്രോൾ ബോംബുകൾ, മോഷ്ടിച്ച ഒരു മോട്ടോർ സൈക്കിൾ, 2,000 രൂപ, പാകിസ്ഥാൻ ഭീകരരുമായുള്ള ചാറ്റുകൾ, ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ എന്നിവ അടങ്ങിയ മൊബൈൽ ഫോണുകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു.
ചോദ്യം ചെയ്യലിൽ, ഈ വർഷം ഏപ്രിലിൽ സോഷ്യൽ മീഡിയ വഴി റാണ ഹുനൈനുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഡൽഹിയിലെ സുപ്രധാന സ്ഥാപനങ്ങളും പൊലീസ് കെട്ടിടങ്ങളും ഉൾപ്പെടെയുള്ളവയുടെ നിരീക്ഷണം നടത്താനുള്ള ചുമതല തനിക്ക് നൽകിയതായും ഡാനിഷ് വെളിപ്പെടുത്തി. ആക്രമണം വിജയകരമായി നടത്തിയയാൽ 20,000 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും ഡാനിഷ് പറഞ്ഞു. ആക്രമണത്തിന്റെ വീഡിയോകൾ റെക്കോർഡുചെയ്യാനാണ് ഡാനിഷിന്റെ സുഹൃത്തായ സൽമാനെ നിയോഗിച്ചത്.
രണ്ടാമത്തെ മൊഡ്യൂൾ, പാകിസ്ഥാൻ ആസ്ഥാനമായുള്ള മറ്റൊരു ഹാൻഡ്‌ലറായ ഹസ്സൻ ഗുജ്ജാർ നടത്തുന്ന അതിർത്തി കടന്നുള്ള ആയുധക്കടത്ത് ശൃംഖലയുടെ ഭാഗമാണെന്ന് പൊലീസ് പറഞ്ഞു. അതിർത്തിക്കപ്പുറത്ത് നിന്ന് ഡ്രോണുകൾ വഴി ഇന്ത്യയിലേക്ക് കടത്തുന്ന അത്യാധുനിക ആയുധങ്ങളുടെ കൈമാറ്റമായിരുന്നു ഇവരുടെ ദൗത്യം.
ഡൽഹിയിലെ ഷഹീൻ ബാഗിലെ തയ്യാബ് (27), ഗാസിയാബാദിലെ ജുബൈർ ഖാൻ (24), മീററ്റിലെ അലി ഫസൽ (26) എന്നീ മൂന്ന് പേരെ കാളിന്ദി കുഞ്ച് പ്രദേശത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. മൂന്ന് പിസ്റ്റളുകളും അഞ്ച് വെടിയുണ്ടകളും ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. മൊഡ്യൂളിലെ നാലാമത്തെ അംഗമായ മാൽക്കിയത്ത് സിംഗ് (36) പിന്നീട് പഞ്ചാബിൽ നിന്ന് അറസ്റ്റിലായി. സോഷ്യൽ മീഡിയ വഴിയാണ് തയ്യബ് ഗുജ്ജാറുമായി ബന്ധം സ്ഥാപിച്ചതെന്നും ഇന്ത്യയിലേക്ക് കള്ളക്കടത്ത് നടത്തുന്ന ആയുധങ്ങളുടെ നീക്കവും വിൽപ്പനയും ക്രമീകരിക്കാൻ തങ്ങളെ ചുമതലപ്പെടുത്തിയിരുന്നതായും ഇവർ മൊഴി നൽകി.










0 comments