'ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം'; 'അമ്മ'യിൽ നിന്നും രാജിവെച്ച് രേവതിയും പത്മപ്രിയയും

കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ നിന്നും പ്രമുഖ നടിമാരായ രേവതിയും പത്മപ്രിയയും രാജിവെച്ചു. സംഘടനയുടെ നിലപാടുകളിലും പ്രവർത്തന ശൈലിയിലും പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.
ഇത് എഎംഎംഎയിൽ നടക്കുന്ന വിവാദപരമ്പരയുടെ മറ്റൊരു അധ്യായം മാത്രമാണെന്ന് തോന്നാം. അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നു. ഞങ്ങളുടെ രാജി തിടുക്കത്തിൽ എടുത്തതോ, ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തിനോടുള്ള പ്രതികരണമോ അല്ല.
കാലം മാറിയിട്ടും നിലവിലുള്ള രീതികളിൽ മാറ്റം വരുത്താൻ സംഘടന ഒട്ടും തയ്യാറാകുന്നില്ലെന്ന് കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് ഇരുവരും പടിയിറങ്ങിയത്. വിമൻ ഇൻ സിനിമ കളക്ടീവ് രൂപീകരണത്തിന് ശേഷം സംഘടനയ്ക്കുള്ളിൽ നിന്ന് മാറ്റങ്ങൾക്കായി നിരന്തരം പോരാടിയ വ്യക്തികളാണ് ഇരുവരും.
തങ്ങൾ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും തിരുത്തലുകളും സംഘടന പൂർണ്ണമായി അവഗണിക്കുകയാണെന്ന് ഇരുവരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സുരക്ഷിതവും ലിംഗസമത്വവുമുള്ള ഒരു തൊഴിൽ അന്തരീക്ഷം സിനിമയ്ക്കുള്ളിൽ ഉറപ്പാക്കാൻ സംഘടനയ്ക്ക് ബാധ്യതയുണ്ട്. എന്നാൽ, അതിജീവിച്ചവർക്കൊപ്പം നിൽക്കുന്നതിനോ അവരെ കേൾക്കുന്നതിനോ ഉള്ള ആർജ്ജവം നേതൃത്വത്തിന് ഉണ്ടാകുന്നില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
ഏകദേശം ഒരു ദശാബ്ദക്കാലത്തോളം ആവശ്യം ലളിതമായിരുന്നു. സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യപരിഗണന. എല്ലാവർക്കും അവകാശപ്പെട്ട മിനിമം അടിസ്ഥാന മൂല്യങ്ങൾ എല്ലാവരെയും ഒരുമിപ്പിക്കും എന്ന് ഞങ്ങൾ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു.
മലയാള സിനിമാ ലോകത്തെ മാറ്റിമറിച്ച പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അമ്മയ്ക്കുള്ളിൽ വലിയ ഭിന്നതകൾ രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഡബ്ല്യുസിസി അംഗങ്ങൾ സംഘടനയിൽ വരുത്തേണ്ട ആഭ്യന്തര പരാതി പരിഹാര സെൽ ഉൾപ്പെടെയുള്ള പരിഷ്കരണങ്ങൾക്കായി സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ഈ ആവശ്യങ്ങളോടൊന്നും അനുകൂലമായ സമീപനമല്ല നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ഇരുവരുടെയും രാജി സൂചിപ്പിക്കുന്നത്.










0 comments