പാട്ടുപാടിയതിന്റെ പേരിൽ ആക്രമണം; തലയ്ക്കടിയേറ്റ് മരിച്ചു

വിനീഷ്
തലയോലപ്പറമ്പ്: പാട്ടുപാടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ തലയ്ക്കടിയേറ്റ് ചികിത്സയിലായയാൾ മരിച്ചു. വൈക്കം ചെമ്പ് കൂമ്പേൽ പറായിപ്പറമ്പ് വീട്ടിൽ വിനീഷാ(47)ണ് മരിച്ചത്. കഴിഞ്ഞ മെയ് 18ന് വൈകിട്ട് പണികഴിഞ്ഞ് വീട്ടിലേക്ക് റോഡിലൂടെ നടന്നുപോയ വിനീഷ് പാട്ടുപാടിയത് ഇഷ്ടപ്പെടാതിരുന്ന കൂമ്പേൽ വലിയപറമ്പ് ഭാഗത്ത് ബിജുവും സഹോദരി ബിന്ദുവും ചേർന്ന് വിനീഷിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഒന്നാം പ്രതിയായ ബിജു കമ്പിവടികൊണ്ട് വിനീഷിനെ തലയ്ക്കടിച്ചു വീഴ്‌ത്തി.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായ വിനീഷ് ഫിസിയോതെറാപ്പിക്കും മറ്റു തുടർചികിത്സക്കുമായി എറണാകുളം ജനറൽ ആശുപത്രിയിലും ചികിത്സതേടിയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞദിവസം വീണ്ടും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനീഷ് തിങ്കൾ പുലർച്ചെ മരിച്ചു. സംഭവദിവസം പിടിയിലായ പ്രതികൾ റിമാൻഡിലാണ്. വിനീഷ് മരിച്ചതോടെ പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ഒന്നാം പ്രതി ബിജു, നിരവധി കേസുകളിൽ പ്രതിയാണ്. വിനീഷിന്റെ സംസ്കാരം നടത്തി. ഭാര്യ കവിത. മക്കൾ: ഭഗത് കൃഷ്ണ, ഗൗരി നന്ദന.










0 comments