തകർത്തത് അഭിമാനപദ്ധതി
ആധുനിക അറവുശാല നോക്കുകുത്തി; അനധികൃത കശാപ്പ് വ്യാപകം

ബിമൽ പേരയം
Published on Jul 06, 2026, 11:31 PM | 1 min read
തിരുവനന്തപുരം
എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് ട്രയൽ റൺ നടത്തി ഉദ്‌ഘാടനം ചെയ്‌ത കുന്നുകുഴിയിലെ ആധുനിക അറവുശാലയെ നോക്കുകുത്തിയാക്കി ബിജെപി ഭരണസമിതി. തനതുഫണ്ടിൽനിന്ന് 15 കോടിരൂപ ചെലവഴിച്ച് നിർമിച്ച നഗരത്തിന്റെ അഭിമാനപദ്ധതിയാണ് അവഗണിക്കുന്നത്. കശാപ്പുമാലിന്യങ്ങൾ നഗരത്തിലെ പ്രധാന തോടുകളിലേക്കും മറ്റും വലിച്ചെറിഞ്ഞ്, പകർച്ചവ്യാധികൾ പെരുകുന്പോഴാണ് ആധുനിക അറവുശാല പൂർണസജ്ജമാക്കാത്തത്. ദിവസം 75 ആടുകളെയും 50 കന്നുകാലികളെയും കശാപ്പ് നടത്താനാകും വിധത്തിലാണ് സംവിധാനമൊരുക്കിയത്. ഡോക്ടർ കന്നുകാലികളെ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയശേഷം കശാപ്പ് ചെയ്യുന്നതിനാൽ നഗരവാസികൾക്ക് ഗുണമേന്മയുള്ള മാംസം ലഭിക്കും. ഇറച്ചിമാലിന്യം ശാസ്‌ത്രീയമായി സംസ്‌കരിക്കാൻ എഫ്യൂവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ബയോഗ്യാസ് പ്ലാന്റ്, ടെൻഡറിങ് പ്ലാന്റ് എന്നിവയുമുണ്ട്. മാംസം കേടാകാതെ സംരക്ഷിക്കാൻ ശീതീകരണ സംവിധാനമുണ്ട്. കോർപറേഷന്റെ ഗുണമേന്മ സ്റ്റിക്കർ പതിപ്പിച്ച് മാംസം വിൽപ്പനയ്ക്കെത്തിക്കാനായിരുന്നു പദ്ധതി. കർണാടകത്തിലെ എംആർ ഫാംസ് കന്പനിക്കായിരുന്നു നടത്തിപ്പ് ചുമതല. ബിജെപി ഭരണസമിതി നിലവിൽവന്ന് ആറുമാസം പിന്നിട്ടിട്ടും പദ്ധതി നടത്തിപ്പിൽ താൽപ്പര്യം കാണിച്ചില്ല. നടത്തിപ്പ് കരാറിൽ പ്രശ്‌നമുണ്ടെന്നാരോപിച്ചാണ് മേയർ പദ്ധതിയെ തഴയുന്നത്. വള്ളക്കടവ്, ബീമാപ്പള്ളി, കരമന, അട്ടക്കുളങ്ങര എന്നിവിടങ്ങളിൽ അനധികൃത കശാപ്പുശാലകൾ പെരുകി. ഇവിടങ്ങളിൽ മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. അറവുമാലിന്യം ശേഖരിക്കുന്ന വാഹനങ്ങൾ നിറയാത്തതിനാൽ റോഡ് വശങ്ങളിൽ നിർത്തിയിടും. അഴുകി ദുർഗന്ധമായ ഇവ പക്ഷികൾ കൊത്തിവലിച്ച് കുടിവെള്ള സ്രോതസ്സുകളിൽ കൊണ്ടിടുന്നു.










0 comments