ആറന്മുളയിൽ വീണ്ടും ഷിഗെല്ല

കോഴഞ്ചേരി
ആറന്മുള എഴിക്കാട് എട്ടുവയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയ്ക്ക് തിങ്കളാഴ്‌ചയാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ സഹോദരിയായ പത്തുവയസുകാരിയും ആശുപത്രിയിൽ ചികിത്സയിലാണ്. സഹോദരിക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ആറന്മുള പഞ്ചായത്തിൽതന്നെയുള്ള ഒരു ആൺകുട്ടിയും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇൗ കുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇരുവരും നിരീക്ഷണത്തിലാണ്. എഴിക്കാട് നഗറിലുള്ള പത്തുവയസുകാരിക്ക് കഴിഞ്ഞ ദിവസം ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു.
തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ച എട്ടുവയസുകാരിയുടെ വീടിന്റെ പരിസരത്തും കിണറിലും ശൗചാലയത്തിലും ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അണുവിമുക്ത പ്രക്രിയ നടത്തിയരുന്നതായി പഞ്ചായത്തംഗം സോമവല്ലി ദിവാകരൻ പറഞ്ഞു.
ഭീതിയിൽ എഴിക്കാട് മേഖല
പത്തനംതിട്ട
ജില്ലയിൽ വീണ്ടും ഷിഗെല്ല റിപ്പോർട്ട് ചെയ്തതോടെ എഴിക്കാട് മേഖല ഭീതിയിൽ. ജില്ലയിലാദ്യമായി എഴിക്കാട് നഗറിലെ പത്തുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സ പൂർത്തിയാക്കി കുട്ടി ആശുപത്രിവിട്ട് രണ്ടാംദിവസമാണ് അതേ മേഖലയിൽ മറ്റൊരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചത്. ആദ്യരോഗിയുടെ അയൽവാസിയായ എട്ടുവയസുകാരിക്കാണ് ഷിഗെല്ല ബാധിച്ചത്. കുട്ടി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മഴക്കാലരോഗത്തെ മുൻകണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കാത്ത ആറന്മുള പഞ്ചായത്തിന്റെ കൃത്യവിലോപമാണ് നിലവിലെ സാഹചര്യങ്ങൾക്ക് കാരണം. സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ നഗറായ എഴിക്കാട് തോടുതീരവും വെള്ളപ്പൊക്കബാധിത പ്രദേശവുമാണ്. 316 കുടുംബംഗങ്ങളിലായി 1500ലേറെ പേർ ഇവിടെ താമസിക്കുന്നുണ്ട്. പകർച്ചപ്പനി, എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവ പടരുന്ന സാഹചര്യമാണ് നിലവിൽ ജില്ലയുടേത്. എന്നാൽ മന്ത്രി പി സി വിഷ്‌ണുനാഥിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിൽ ആരോഗ്യവകുപ്പിന്റെയും ശുചിത്വമിഷന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ ചൊവ്വാഴ്‌ച പകര്‍ച്ചവ്യാധി ബോധവല്‍ക്കരണ ദിനം ആചരിക്കാനാണ് തീരുമാനിച്ചത്. അതിനപ്പുറം രോഗപ്രതിരോധത്തിന് ശക്തമായ നടപടി സ്വീകരിക്കുന്നതിൽ സർക്കാരും പരാജയപ്പെട്ടു. ഇതോടെയാണ് വീണ്ടും രോഗമെത്തിയത്.











0 comments