print edition ആർഎസ്എസ് നേതാക്കൾക്കെതിരെ കേസെടുക്കാൻ എസ്‍ഐടി

എ ഐ നിർമിത ചിത്രം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ കൊള്ളയ്‌ക്കും അഴിമതിക്കും കൂട്ടുനിന്നതിന് ആർഎസ്എസ് നേതാക്കളായ ചന്പത് റായിക്കും അനിൽ മിശ്രയ്‌ക്കുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുക്കാൻ എസ്ഐടി.
കാണിക്കക്കൊള്ള സംബന്ധിച്ച് നേരത്തെ അറിഞ്ഞിട്ടും ചന്പത്‌റായി ആവശ്യമായ നടപടി സ്വീകരിക്കാതിരുന്നത് ഗൂഢാലോചനയ്‌ക്കുള്ള തെളിവാണ്. വ്യവസായ പ്രമുഖരും മറ്റും നൽകിയ ശതകോടികളുടെ സംഭാവനകൾക്കും അമൂല്യവസ്‌തുക്കൾക്കും രസീത് നൽകിയില്ല.
അതിനാൽ ഇരുവർക്കുമെതിരെ കേസെടുക്കാൻ എസ്‌ഐടി നിയമോപദേശം തേടി. ഇതിനിടെ പ്രതികളെ രക്ഷിക്കാൻ കേസന്വേഷണം സിബിഐക്ക് വിടാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നത്.
കാണിക്കക്കൊള്ളയും ഭൂമികുംഭകോണവും നാണക്കേടായതോടെ ഗത്യന്തരമില്ലാതെ അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൽനിന്നുള്ള ചമ്പത് റായിയുടെയും അനിൽ മിശ്രയുടെയും രാജി തിങ്കളാഴ്‌ച ചേർന്ന ട്രസ്റ്റ് യോഗം സ്വീകരിച്ചു. വിഎച്ച്‌പി വൈസ് പ്രസിഡന്റുകൂടിയായ ചമ്പത് റായ് ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും അനിൽ മിശ്ര ട്രസ്റ്റ് അംഗത്വത്തിൽനിന്നും 26ന് രാജി പ്രഖ്യാപിച്ചിരുന്നു. മോദിയുടെ നോമിനിയായാണ് ഇരുവരും ട്രസ്റ്റ് ഭാരവാഹികളായത്.
ആർഎസ്‌എസ് നേതാവ് കൃഷ്‌ണമോഹനെ താൽക്കാലിക ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കാണിക്കക്കൊള്ള അന്വേഷിക്കുന്ന എസ്‌ഐടി അടുത്തയാഴ്‌ച അന്തിമറിപ്പോർട്ട് നൽകാനിരിക്കെയാണ് ആർഎസ്‌എസിനെയും ബിജെപിയെയും വെട്ടിലാക്കി മുതിർന്ന നേതാക്കൾ ക്ഷേത്രഭരണചുമതലയിൽനിന്ന് പടിയിറങ്ങുന്നത്.
ക്ഷേത്രകാര്യത്തിൽ ഇടപെടരുതെന്ന് വിഎച്ച്‌പി
അയോധ്യക്ഷേത്രഭരണത്തിൽ സർക്കാർ കൈകടത്താൻ നോക്കരുതെന്ന് വിഎച്ച്‌പി. സുതാര്യത ഉറപ്പാക്കാൻ ക്ഷേത്രം സർക്കാർ നിയന്ത്രണത്തിലാക്കണമെന്ന ആവശ്യം ശക്തമായതിനുപിന്നാലെയാണ് വിഎച്ച്‌പി നേതാക്കളുടെ ഭീഷണി. ‘രാമക്ഷേത്രത്തിന്റെ കാര്യമായാലും മറ്റേത് ക്ഷേത്രത്തിന്റെ കാര്യമായാലും സർക്കാർ ഇടപെടാൻ പാടില്ല’ –വിഎച്ച്‌പി ജോയിന്റ് ജനറൽസെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു










0 comments