print edition തുടരാൻ ചാമ്പ്യൻമാർ

അറ്റ്‌ലാന്റ: ലയണൽ മെസിക്കും അർജന്റീനയ്‌ക്കും ഇനിയൊരു തിരിഞ്ഞുനോട്ടമില്ല. കേപ് വെർദെയ്‌ക്കെതിരായ അഗ്‌നിപരീക്ഷ കഴിഞ്ഞ് ചാമ്പ്യൻമാർ ഇന്ന് പ്രീ ക്വാർട്ടറിൽ ഇൗജിപ്‌തിനെ നേരിടും. അറ്റ്‌ലാന്റ സ്‌റ്റേഡിയത്തിൽ രാത്രി ഒമ്പതരയ്‌ക്കാണ് മത്സരം.
റൗണ്ട് ഓഫ് 32ൽ നവാഗതരായ കേപ് വെർദെയോട് അധിക സമയക്കളിയിൽ 3–2ന് ജയിച്ച അർജന്റീനയ്‌ക്ക് ആത്മവിശ്വാസം വീണ്ടെടുക്കാൻ മികച്ച ജയം വേണം. ഷൂട്ടൗട്ടിൽ ഓസ്‌ട്രേലിയയെ മറികടന്നാണ് മുഹമ്മദ് സലായുടെ ഇൗജിപ്‌ത് ആദ്യ പ്രീ ക്വാർട്ടറിന് തയ്യാറെടുക്കുന്നത്.
നോക്കൗട്ടിലെ അപ്രതീക്ഷിത വെല്ലുവിളി അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി മുന്നറിയിപ്പായാണ് എടുത്തിരിക്കുന്നത്. മുന്നേറ്റനിരയിൽ മെസിയൊഴികെ മറ്റാരും സ്ഥിരത കാട്ടുന്നില്ലെന്നതാണ് ടീം നേരിടുന്ന പ്രധാന വെല്ലുവിളി. ടീം നേടിയ 11 ഗോളിൽ ഏഴും ക്യാപ്‌റ്റൻ വകയാണ്. കേപിനെതിരെ പിഴവുഗോൾ ആനുകൂല്യത്തിലായിരുന്നു ജയം.
തിയാഗോ അൽമാഡ, നാഹുവേൽ മൊളീന എന്നിവർ പ്രതീക്ഷിച്ച പ്രകടനമല്ല നടത്തുന്നത്. യുവതാരം നികോ പാസിന് മതിയായ അവസരവും കിട്ടുന്നില്ല. അവസാന കളിയിൽ പ്രതിരോധത്തിലെ വിള്ളലുകളും കണ്ടു. എല്ലാം പരിഹരിച്ച് തകർപ്പൻ ജയത്തോടെ കുതിക്കാനാണ് ലക്ഷ്യം.
ഇൗജിപ്‌താകട്ടെ സലായിലും ഒമർ മർമോഷിലുമാണ് പ്രതീക്ഷ. നാല് കളിയിൽ ഒരു ഗോളും രണ്ടവസരവും സൃഷ്ടിച്ച ക്യാപ്‌റ്റൻ സലാ അപകടകാരിയാണ്. പഴുത് കിട്ടിയാൽ ലക്ഷ്യം കാണാൻ പ്രത്യേക മിടുക്കാണ് മുപ്പത്തിനാലുകാരന്. ഇരുടീമുകളും ഒരുതവണ മാത്രമാണ് ഏറ്റുമുട്ടിയത്. 2008ൽ അർജന്റീന രണ്ട് ഗോളിന് ജയിച്ചു.











0 comments