ബഷീർ കഥകളിൽ നിറഞ്ഞ് ഭിന്നശേഷി കുട്ടികളുടെ സംഗമം

ബഷീർ ഫെസ്റ്റ് വേദിയിൽ ഭിന്നശേഷി കുട്ടികൾ ബഷീറിന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോൾ
സ്വന്തംലേഖകൻ ഫറോക്ക് സാഹിത്യാസ്വാദകർക്ക് വേറിട്ട അനുഭവമായി ഭിന്നശേഷി കുട്ടികളുടെ സംഗമവും കലാവിരുന്നും. അരികുവൽക്കരിക്കപ്പെട്ടവരേയും അവഗണിക്കപ്പട്ടവരേയും ചേർത്തുനിർത്തി അംഗീകരിക്കാൻ രചനകളിലൂടെ ശ്രമിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ‘ആകാശമിഠായി’യിൽ നടന്ന ബഷീർ ഫെസ്റ്റിൽ ഭിന്നശേഷി കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കാരത്തിലൂടെ സദസ്സിന്റെ കൈയടി നേടി. കോഴിക്കോട് മഴവില്ല് ഭിന്നശേഷി കായിക ക്യാമ്പ്, കുറ്റ്യാടി, മലാപ്പറമ്പ് തണൽ സ്പെഷ്യൽ സ്കൂൾ, മലാപ്പറമ്പ്, കൊണ്ടോട്ടി വിങ്സ് അലൈവ് എന്നീ ക്യാമ്പുകളിലെ കുട്ടികൾ ഒന്നിച്ച പരിപാടിയിലെ കലാപരിപാടികൾക്കൊപ്പം ബഷീർ കഥാപാത്രങ്ങളുടെ അവതരണമാണ് ഏറെ ശ്രദ്ധേയമായത്. ബഷീർ കഥാപാത്രങ്ങളായ സുഹറയും മജീദും സാറാമ്മയും കേശവൻ നായരും നാരായണി, ബഷീർ, കുഞ്ഞുപാത്തുമ്മ, നിസാർ അഹമ്മദ്, മണ്ടൻ മുത്തപ്പ, സൈനബ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം അരങ്ങിലെത്തി. കോഴിക്കോട് സിആർസി ഡയറക്ടർ ഡോ. റോഷൻ ബിജിലി സംഗമം ഉദ്ഘാടനം ചെയ്തു. മഴവിൽ ചെയർമാൻ പി റിനീഷ് അധ്യക്ഷനായി. അകൈതി മുഖ്യാതിഥിയായി. ഹോപ്ഷോർ സ്പെഷ്യൽ സ്കൂൾ ഡയറക്ടർ നജ്മുൽ മേലത്ത്, തണൽ സ്കൂൾ പ്രിൻസിപ്പൽ അലീന, എ റസീന എന്നിവർ സംസാരിച്ചു. ഷഫീക്ക് തൗലത്ത് ഗാനങ്ങൾ ആലപിച്ച് സംവദിച്ചു. അനീസ് ബഷീർ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. കൺവീനർ ഒ കെ മൻസൂർ അലി സ്വാഗതവും ഷമീർ ബക്കർ പയ്യാനക്കൽ നന്ദിയും പറഞ്ഞു.









0 comments