print edition മെറിനോ മാജിക്

ലോകകപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ പോർച്ചുഗലിനെതിരെ സ്‌പെയ്‌നിന്റെ മിക്കേൽ മെറീനോ വിജയഗോൾ നേടുന്നു
ഡാലസ്: പോർച്ചുഗലിന്റെയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെയും സ്വപ്‌നം തകർത്ത് സ്‌പെയ്‌ൻ ലോകകപ്പ് ഫുട്‌ബോൾ ക്വാർട്ടറിൽ. പകരക്കാരൻ മിക്കേൽ മെറീനോ നേടിയ ഒറ്റഗോളിലാണ് യൂറോ ചാന്പ്യൻമാരുടെ ജയം.
യൂറോപ്പിലെ കരുത്തൻമാരുടെ പോരാട്ടം പ്രതീക്ഷിച്ച കളി നിലവാരത്തിലെത്തിയില്ല.
തുടക്കത്തിൽ സ്‌പെയ്‌നിന് കിട്ടിയ സുവർണാവസരം മിക്കേൽ ഒയർസബാൽ ഗോൾകീപ്പർ ദ്യോഗോ കോസ്‌റ്റ മാത്രം മുന്നിൽ നിൽക്കെ പുറത്തേക്കടിച്ച് പാഴാക്കി. ലമീൻ യമാലിന്റെയും അലെക്‌സ് ബയേനയുടെയും ഷോട്ടുകളും കോസ്‌റ്റ തടഞ്ഞു. പത്തൊന്പതുകാരൻ യമാലിന് കളിയിൽ തിളങ്ങാനാകാത്തത് സ്‌പാനിഷ് നീക്കങ്ങളുടെ വേഗംകുറച്ചു. പോർച്ചുഗൽ പ്രതിരോധക്കാരൻ ന്യൂനോ മെൻഡെസ് യമാലിനെ പൂട്ടി.
മറുവശത്ത്, റൊണാൾഡോയുടെ ഗോൾശ്രമം സ്‌പാനിഷ് ഗോൾകീപ്പർ ഉനായ് സിമോൺ പറന്നുപിടിച്ചു. അവസാന ലോകകപ്പ് മത്സരത്തിൽ റൊണാൾഡോയ്‌ക്ക് സ്വാധീനമുണ്ടാക്കാനായില്ല. പോർച്ചുഗൽ മുന്നേറ്റനിരയിൽ നാൽപ്പത്തൊന്നുകാരൻ പലപ്പോഴും ഒറ്റപ്പെട്ടു.
ഇടവേളയ്‌ക്കുശേഷം കളിയുടെ വേഗം പിന്നെയും കുറഞ്ഞു.
ഇരു ടീമുകളും സൂക്ഷിച്ച് കളിച്ചു. ഇതിനിടെ മെൻഡെസ് പരിക്കേറ്റ് മടങ്ങിയത് പോർച്ചുഗലിനെ ബാധിച്ചു. കോച്ച് റോബർട്ടോ മാർട്ടിനെസ് വിറ്റീന്യയെയും ജോയോ ഫെലിക്‌സിനെയും പിൻവലിച്ചു. റാഫേൽ ലിയാവോയും ബെർണാഡോ സിൽവയുമെത്തി. പക്ഷേ, പോർച്ചുഗലിന്റെ കളിയിൽ മാറ്റമുണ്ടായില്ല.
മറുവശത്ത്, സ്‌പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫുയന്റെ ഫെറാൻ ടോറസിനെയും മെറീനോയെയും കൊണ്ടുവന്നു. കളിഗതി മാറ്റിയ നീക്കമായി അതുമാറി. പരിക്കുസമയത്തിന്റെ ആദ്യ മിനിറ്റിൽ മെറീനോയുടെ ഫ്രീകിക്കിൽനിന്നായിരുന്നു ഗോളിന്റെ തുടക്കം.
ടോറെസിലേക്ക് തട്ടി മെറീനോ മുന്നോട്ടുനീങ്ങി. ഗോൾമുഖത്തേക്ക് ടോറെസിന്റെ പാസ്. കോസ്‌റ്റയ്‌ക്ക് എന്തെങ്കിലും ചെയ്യാനാകുംമുന്പ് മെറീനോ വലകുലുക്കി. കളത്തിലിറങ്ങി ആറാം മിനിറ്റിലാണ് അഴ്‌സണൽ താരത്തിന്റെ ഗോൾ. റൊണാൾഡോ നിരാശയാൽ തലതാഴ്‌ത്തി. 2010നുശേഷം സ്‌പെയ്‌നിന്റെ ആദ്യ ക്വാർട്ടറാണ്.








0 comments