ad
Deshabhimani

ബസ്സുടമകളും തൊഴിലാളികളും കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി സ്വകാര്യ ബസ്‌ പണിമുടക്ക്‌ പൂർണം

സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലയിലെ സ്വകാര്യ ബസ്സുടമകളും തൊഴിലാളികളും കലക്ടറേറ്റിലേക്ക് നടത്തിയ  മാർച്ച്
വെബ് ഡെസ്ക്

Published on Jul 07, 2026, 03:01 AM | 1 min read

കാസർകോട്‌ ഇന്ധന വില വർധനയും കെഎസ്‌ആർടിസി ബസ്സിൽ സ്‌ത്രീകൾക്ക്‌ സ‍ൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്നുള്ള വരുമാന നഷ്ടവും കാരണം പ്രതിസന്ധിയിലായ സ്വകാര്യ ബസ്‌ വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലയിൽ സ്വകാര്യ ബസ്സുകൾ നടത്തിയ പണിമുടക്ക്‌ പൂർണം. ബസ്സുടമകളും തൊഴിലാളികളും കലക്ടറേറ്റിലേക്ക്‌ മാർച്ചും നടത്തി. ജില്ലയിലെ 460 ഓളം ബസ്സുകളും പണിമുടക്കിന്റെ ഭാഗമായി ഓട്ടം നിർത്തി. കെഎസ്‌ആർസി ബസ്‌ സർവീസ്‌ ഇല്ലാത്ത റൂട്ടുകളിലും ഗ്രാമീണ മേഖലയിലും പണിമുടക്ക്‌ കാരണം യാത്രക്കാർ പ്രയാസം അനുഭവിച്ചു. സ്‌കൂൾ വിദ്യാർഥികളെയും പണിമുടക്ക്‌ ബാധിച്ചു. ഇന്ധനവില വര്‍ധന, ഉയര്‍ന്ന ഇന്‍ഷുറന്‍സ് പ്രീമിയം, സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലക്കയറ്റം എന്നിവ കാരണം പ്രതിസന്ധിയിലായ സ്വകാര്യ ബസ്സുകൾ കെഎസ്‌ആർടിസിയിൽ സ്‌ത്രീകൾക്ക്‌ സ‍ൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്നുള്ള വരുമാന നഷ്ടവും കൂടിയായപ്പോൾ പ്രതിദിന ചിലവുകള്‍ക്കുള്ള തുകപോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന്‌ ബസ്സുടമകൾ പറഞ്ഞു. വരുമാനം കുറയുന്നതുകാരണം പല സര്‍വീസും നിര്‍ത്തിവയ്‌ക്കേണ്ടിവരുന്നത് മേഖലയെ ആശ്രയിച്ചുകഴിയുന്ന തൊഴിലാളികളെയും കുടുംബങ്ങളെയും പട്ടിണിയിലാക്കുന്നു. സ്വകാര്യ ബസ് വ്യവസായം സംരംക്ഷിക്കാനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ബസ്സുടമകൾ പറയുന്നു. റോഡ് നികുതി പൂര്‍ണമായും ഒഴിവാക്കുക, ഡീസലിന് 50 ശതമാനം സബ്‌സിഡി അനുവദിക്കുക, തൊഴിലാളി ക്ഷേമനിധി വിഹിതം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ്‌ പണിമുടക്കിയത്‌. സിഐടിയു ഉൾപ്പെടെയുള്ള എല്ലാ ട്രേഡ്‌ യൂണിയൻ സംഘടനകളും പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിക്കുകയും കലക്ടറേറ്റ്‌ മാർച്ചിൽ അണിനിരക്കുകയുംചെയ്‌തു. മാർച്ച്‌ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശരണ്യ മനോജ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ ഗിരീഷ്‌ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി ഗിരികൃഷ്‌ണൻ, ബാബുരാജ്‌, പി വി പത്മനാഭന്‍, സി എ മുഹമ്മദ് കുഞ്ഞി, സുബ്ബണ്ണ ആള്‍വ എന്നിവർ സംസാരിച്ചു. ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ടി ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home