നിരാശയിൽ ബ്രസീൽ ഫാൻസ് തോൽവിയിലും സപ്പോർട്ടുമായി ആരാധകർ

കാസർകോട് ലോകകപ്പ് ഫുട്‌ബോൾ പ്രീ -ക്വാർട്ടറിൽ നോർവെയോട് തോറ്റ് ബ്രസീൽ അപ്രതീക്ഷിതമായി പുറത്തായതോടെ ജില്ലയിലും ബ്രസീൽ ആരാധകർ കടുത്ത നിരാശയിൽ. ആവേശത്തിന്റെ കൊടുമുടിയിൽനിന്നും പെട്ടെന്നുണ്ടായ വീഴ്ച ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് ആരാധകർ. ഗ്രാമങ്ങളിലും നഗരങ്ങളിലും വലിയ കട്ടൗട്ടുകളും ഫ്ലെക്സ് ബോർഡുകളും സ്ഥാപിച്ച് തരംഗം സൃഷ്ടിച്ച ബ്രസീൽ ആരാധകർക്ക് ഈ തോൽവി വലിയ ആഘാതമായി. വലിയ സ്ക്രീനുകൾക്ക് മുന്നിലും ഗ്രാമീണ ക്ലബ്ബുകളിലും ഒത്തുകൂടിയ ബ്രസീൽ ആരാധകർ മത്സരം അവസാനിച്ചതോടെ സങ്കടത്തിലായി. നെയ്‌മർ വിരമിക്കൽ കൂടി പ്രഖ്യാപിച്ചതോടെ ആരാധകർക്ക് അത് താങ്ങാവുന്നതിനും അപ്പുറമായി. ജില്ലയിലും ബ്രസീൽ, അർജന്റീന ടീമുകൾക്കാണ് ഏറ്റവും കൂടുതൽ ആരാധകരുള്ളത്. തോൽവിക്ക് പിന്നാലെ കവലകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ കട്ടൗട്ടുകളും ബാനറുകളും പലയിടത്തും ആരാധകർതന്നെ അഴിച്ചുമാറ്റി. തോൽവിയേറ്റെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട മഞ്ഞക്കുപ്പായക്കാരെ നെഞ്ചിൽനിന്ന് ഇറക്കിവിടാൻ കാനറി പ്രേമികൾ തയ്യാറല്ല. താൽക്കാലികമായി കളം വിടുമ്പോഴും അടുത്ത തവണ കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അവർ.









0 comments