ad
Deshabhimani

print edition യുഡിഎഫ്‌–സ്വതന്ത്ര മുന്നണി തർക്കം; പാലാ നഗരസഭയിൽ 
ഭരണസ്‌തംഭനം

Pala Municipality.JPG
വെബ് ഡെസ്ക്

Published on Jul 07, 2026, 02:22 AM | 1 min read

പാലാ: യുഡിഎഫ്‌–സ്വതന്ത്ര മുന്നണിയിലെ അധികാര തർക്കത്തിൽ പാലാ നഗരസഭ ഭരണം സ്‌തംഭനാവസ്ഥയിൽ. നഗരസഭാധ്യക്ഷ പദവി കൈയാളുന്ന സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ ആറംഗ കോൺഗ്രസ്‌ അംഗങ്ങൾ രണ്ടാമതും പിൻവലിച്ചതോടെ നഗരസഭാ ക‍ൗൺസിൽ ചേരാനാവാത്ത സ്ഥിതിയാണ്‌.


14 അംഗ ഭരണസഖ്യത്തിൽ മൂന്ന്‌ അംഗങ്ങളുള്ള സ്വതന്ത്ര മുന്നണി നഗരസഭാധ്യക്ഷ പദവി നേടിയശേഷം കോൺഗ്രസ്‌ അംഗങ്ങളെ അവഗണിച്ചാണ്‌ ഭരിക്കുന്നത്‌. ഇതിനെതിരെ കൊട്ടാരമറ്റം ഓട്ടോ സ്‌റ്റാൻഡ്‌ മാറ്റം മുൻനിർത്തി രംഗത്ത്‌ വന്ന യുഡിഎഫിനെ പിളർത്തി നാലുപേരെ തങ്ങൾക്കാപ്പം ചേർത്താണ്‌ സ്വതന്ത്ര മുന്നണി തിരിച്ചടിച്ചത്‌.


കേരള കോൺഗ്രസ്‌ ജോസഫിലെ മൂന്നും മാണി സി കാപ്പൻ എംഎൽഎയുടെ കെഡിപിയുടെ ഒന്നും ഉൾപ്പെടെ നാലംഗങ്ങളെ പാട്ടിലാക്കിയ സ്വതന്ത്ര മുന്നണി കോൺഗ്രസിന്റെ ചിറകരിഞ്ഞു. ഇതോടെ കോൺഗ്രസിന്‌ നഗരസഭാധ്യക്ഷയ്‌ക്കെതിരെ അവിശ്വാസം നൽകാനുള്ള അംഗബലം പോലും ഇല്ലാതായി.


ഇതിനിടെയാണ്‌ കൊട്ടാരമറ്റം സ്‌റ്റാൻഡിൽ ഡിവൈഎഫ്‌ഐയ്‌ക്ക്‌ സമ്മേളന വേദി അനുവദിക്കുന്നതുമായുണ്ടായ പുതിയ തർക്കം. കോൺഗ്രസിന്റെ നിലപാട്‌ തള്ളിയാണ്‌ പ്രതിപക്ഷ പിന്തുണയോടെ സ്‌റ്റാൻഡിൽ യോഗത്തിന്‌ അനുമതി നൽകാനുള്ള തീരുമാനം വോട്ടെടുപ്പിലൂടെ പാസാക്കിയത്‌. പ്രകോപിതരായ കോൺഗ്രസ്‌ സ്വതന്ത്ര മുന്നണിയ്‌ക്കുള്ള പിന്തുണ വീണ്ടും പിൻവലിച്ച്‌ പ്രമേയം പാസാക്കി.


കോൺഗ്രസ്‌, യുഡിഎഫ്‌ നേതൃത്വങ്ങൾ നിലപാട്‌ സ്വീകരിച്ചിട്ടില്ല. കോൺഗ്രസ്‌ പിന്തുണ പിൻവലിച്ചതോടെ സ്വതന്ത്ര മുന്നണിയ്‌ക്ക്‌ എഴംഗങ്ങളുടെ പിന്തുണയേയുള്ളൂ. ക‍ൗൺസിലിൽ തീരുമാനങ്ങൾ എടുക്കുന്നത്‌ പ്രതിസന്ധിയിലായി. തങ്ങൾക്ക്‌ പിന്തുണ നൽകിയതും ഭരണം സംബന്ധിച്ച്‌ കരാർ ഉണ്ടാക്കിയതും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കളുമായിട്ടാണെന്നും കൗൺസിലർമാരുമായിട്ട്‌ അല്ലെന്നുള്ള പ്രതികരണവുമായി സ്വതന്ത്ര കൂട്ടായ്‌മ രംഗത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home