ad
Deshabhimani

print edition ഇംഗ്ലീഷ് സുനാമി

England.jpg

ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ മെക്‌സിക്കോയ്‌ക്കെതിരെ ഇരട്ടഗോൾ നേടിയ ഇംഗ്ലണ്ട്‌ താരം ജൂഡ്‌ ബെല്ലിങ്‌ഹാമിനെ അഭിനന്ദിക്കാൻ സഹതാരങ്ങൾ ഓടിയെത്തുന്നു

വെബ് ഡെസ്ക്

Published on Jul 07, 2026, 01:50 AM | 2 min read

മെക്‌സിക്കോ സിറ്റി: മെക്‌സിക്കൻ തിരമാലകളെ ഇംഗ്ലീഷ്‌ സുനാമി വിഴുങ്ങി! പെരുങ്കോട്ടയായ അസ്‌റ്റെക സ്‌റ്റേഡിയത്തിൽ അജയ്യരാണെന്ന മെക്‌സിക്കൻ ഹുങ്കിന്‌ ഇംഗ്ലണ്ടിന്റെ മറുപടി. 13 വർഷമായി സ്വന്തം സ്‌റ്റേഡിയമായ അസ്‌റ്റെകയിൽ തോൽവി അറിഞ്ഞിരുന്നില്ല ആതിഥേയർ.


89 മത്സരത്തിൽ രണ്ടുപ്രാവശ്യം മാത്രമായിരുന്നു കീഴടങ്ങൽ. ചരിത്രം പക്ഷേ ഇത്തവണ രക്ഷയ്‌ക്കെത്തിയില്ല. ഒടുങ്ങാത്ത വിജയതൃഷ്‌ണയും പട്ടാളച്ചിട്ടയുമായി ഹാരി കെയ്‌നും പടയും 3–2ന്‌ ക്വാർട്ടറിലേക്ക്‌ വിജയമാർച്ച്‌ ചെയ്‌തു. 98 സെക്കൻഡുകൾക്കിടെ ഇരട്ടഗോളടിച്ച ജൂഡ്‌ ബെല്ലിങ്‌ഹാമാണ്‌ താങ്ങായത്‌. കെയ്‌നും വലകണ്ടു. യൂലിയൻ ക്വിനോനെസ്‌, റ‍ൗൾ ഹിമിനെസ്‌ എന്നിവർ മെക്‌സിക്കോയുടെ മറുപടി നൽകി.


വെല്ലുവിളികൾ പലതും അതിജീവിച്ചായിരുന്നു ഇംഗ്ലീഷ്‌ ജയം. പ്രതിരോധക്കാരൻ ജറേൽ ക്വാൻസ ചുവപ്പ്‌ കാർഡ്‌ പുറത്തായതോടെ 36 മിനിറ്റ്‌ 10 പേരുമായാണ്‌ പന്തുതട്ടിയത്‌. സമുദ്രനിരപ്പിൽനിന്നും ഏഴായിരം അടി ഉയരത്തിലുള്ള സ്‌റ്റേഡിയത്തിൽ 80,000 എതിർ കാണികൾക്ക്‌ മുമ്പിലായിരുന്നു ഇ‍ൗ അതിജീവന പോരാട്ടം. മത്സരത്തലേന്ന്‌ ഇംഗ്ലണ്ട്‌ ടീമിന്റെ ഹോട്ടലിന്‌ മുമ്പിൽ രാത്രി മുഴുവൻ മെക്‌സിക്കൻ ആരാധകർ പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയും ഉറക്കം കെടുത്തിയിരുന്നു.


ഇതെല്ലാം മറികടന്ന്‌ മനസ്സിലും കളത്തിലും ഇംഗ്ലണ്ട്‌ ജയിച്ചവരായി. ഇതൊരു ഫൈനൽ മത്സരത്തിന്റെ പ്രതീതിയാണെന്ന ഇംഗ്ലീഷ്‌ കോച്ച്‌ തോമസ്‌ ടുഷെലിന്റെ വാക്കുകൾ ശരിവയ്‌ക്കുന്നതായിരുന്നു പോരാട്ടം. തുടക്കം തൊട്ട്‌ ആതിഥേയർ തിരമാല പോലെ ഇംഗ്ലീഷ്‌ ഗോൾമുഖത്തേക്ക്‌ ഇരമ്പി. ഹിമിനെസിന്റെ അത്യുഗ്രൻ ശ്രമം ജോർദാൻ പിക്‌ഫോർഡ്‌ തടഞ്ഞതോടെ കളിക്ക്‌ ചൂടുപിടിച്ചു.


മെക്‌സിക്കൻ മുന്നേറ്റത്തെ വിദഗ്‌ദമായി ചെറുത്ത്‌, പ്രത്യാക്രമണത്തിൽ ലക്ഷ്യത്തിലെത്തുക എന്നതായിരുന്നു ടുഷെലിന്റെ പദ്ധതി. 36–ാം മിനിറ്റിൽ വലതു പാർശ്വത്തിൽനിന്നും ബുകായോ സാക മറിച്ചുനൽകിയ ക്രോസ്‌ ഹെഡ്ഡ്‌ ചെയ്‌ത്‌ ബെല്ലിങ്‌ഹാം വലയിലെത്തിച്ചതോടെ അസ്‌റ്റെക നിശബ്ദമായി. കണ്ണ്‌ ചിമ്മിത്തുറക്കുന്ന സമയമേ രണ്ടാം ഗോളിന്‌ വേണ്ടിവന്നുള്ളു. ഇ‍ൗ പ്രാവശ്യം കെയ്‌ൻ ഒരുക്കിയ അവസരം ഗോളാക്കി.

ഇരട്ടയടിയിൽ വിറച്ചെങ്കിലും മെക്‌സിക്കോ തളർന്നില്ല. ഗോളടിവീരൻ ക്വിനോനെസിലൂടെ ഇടവേളയ്‌ക്ക്‌ മുമ്പ്‌ ഒന്നുമടക്കി.


ഇരുപത്തൊമ്പതുകാരന്റെ ലോകകപ്പിലെ നാലാം ഗോളാണിത്‌. ഹിമിനെസിന്റെ മറ്റൊരു അപകടകരമായ ഷോട്ട്‌ പിക്‌ഫോർഡ്‌ രക്ഷപ്പെടുത്തി. വിശ്രമത്തിന്‌ പിന്നാലെ ഹെസ്യൂസ്‌ ഗല്ലാർഡോയെ വീഴ്‌ത്തിയതിന്‌ 54–ാം മിനിറ്റിൽ ജറേൽ പുറത്തായത്‌ ഇംഗ്ലീഷുകാർക്ക്‌ തിരിച്ചടിയായി. പക്ഷേ ഒരാൾ കുറഞ്ഞിട്ടും അവർ ആക്രമണം അവസാനിപ്പിച്ചില്ല. ആന്തണി ഗോഡോണെ വീഴ്‌ത്തിയതിന്‌ ലഭിച്ച പെനൽറ്റിയിലൂടെ കെയ്‌ൻ ലീഡുയർത്തി. സന്തോഷം അധികം നീണ്ടില്ല. ബ്രയാൻ ഗുയ്‌റ്റെറസിനെ കെയ്‌ൻ ഫ‍ൗൾ ചെയ്‌തതിന്‌ മെക്‌സിക്കോയ്‌ക്കും പെനൽറ്റി കിട്ടി. ഹിമിനെസിന്റെ ഉന്നം കൃത്യമായിരുന്നു. ഒപ്പമെത്താൻ ആതിഥേയർ പാഞ്ഞടുത്തിട്ടും ഇംഗ്ലീഷ്‌ പ്രതിരോധം ഒരിഞ്ച്‌ വിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home