ad
Deshabhimani

പുതിയ ബസ്‌ സ്റ്റാൻഡിൽ പൊട്ടിയൊലിച്ച്‌ മാലിന്യ ടാങ്ക്‌ പൊതുജനങ്ങൾക്ക്‌ നഗരസഭ വക ‘ഫ്രീ പകർച്ചവ്യാധി’

പുതിയ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത്‌ തളംകെട്ടിക്കിടക്കുന്ന മാലിന്യം
വെബ് ഡെസ്ക്

Published on Jul 07, 2026, 03:00 AM | 1 min read

കാസർകോട്‌ കാസർകോട് പുതിയ ബസ്‌സ്റ്റാൻഡിൽ മാലിന്യ ടാങ്ക്‌ പൊട്ടിയൊലിച്ചു. നഗരസഭാ ഷോപ്പിങ്‌ കോംപ്ലക്‌സിലെ കെട്ടിടങ്ങളിൽനിന്നുള്ള അഴുക്കുജലവും മാലിന്യങ്ങളും നിറഞ്ഞ ടാങ്കാണ്‌ കൃത്യമായ പരിപാലനമില്ലാത്തതുമൂലം പുറത്തേക്ക്‌ ഒഴുകിയത്‌. ഇതോടെ പ്രദേശത്താകെ മാലിന്യം ഒഴുകിപ്പരന്ന്‌ തളംകെട്ടി. പുതിയ ബസ്‌സ്റ്റാൻഡിൽനിന്ന്‌ വാഹനങ്ങൾ പുറത്തേക്കിറങ്ങുന്നിടത്ത്‌ ടാക്‌സി സ്റ്റാൻഡിനു സമീപത്താണ്‌ ദുരവസ്ഥ. ദുർഗന്ധവും മലിനജലവും പരന്നതുമൂലം ഇതുവഴി കാൽനടയാത്രപോലും സാധ്യമല്ലാതായി. മൂക്കുപൊത്താതെ കടന്നുപോകാനാവാത്ത സ്ഥിതിയാണ്‌ നിലവിൽ. ടാക്‌സി ഡ്രൈവർമാരും ഓട്ടോറിക്ഷാത്തൊഴിലാളികളുമാണ്‌ ഏറ്റവും ദുരിതത്തിലായത്‌. സമീപത്താണ്‌ ഇവരുടെ വിശ്രമകേന്ദ്രവും സ്ഥിതിചെയ്യുന്നത്‌. ആരോഗ്യപരിപാലനം നടത്തേണ്ടുന്ന മുനിസിപ്പാലിറ്റി പൊതുജനങ്ങൾക്ക്‌ ഫ്രീയായി രോഗം പകർന്നുകൊടുക്കുന്ന അതോറിറ്റിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന്‌ തൊഴിലാളികൾ പറഞ്ഞു. ജില്ലയിലാകെ പകർച്ചവ്യാധികളും മഴക്കാലരോഗങ്ങളും പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ്‌ നഗരസഭ അധികൃതരുടെ അനാസ്ഥ. മൂന്നുവർഷംമുമ്പ്‌ നിർമിച്ച കുഴിയിൽനിന്നാണ്‌ ചീഞ്ഞുനാറുന്ന വെള്ളവും മാലിന്യവും പുറത്തേക്ക്‌ പ്രവഹിക്കുന്നത്‌. ഇതേയവസ്ഥ മുമ്പും ഉണ്ടായിരുന്നു. കോട്ടക്കണി തോട്ടിലേക്കുൾപ്പെടെ മാലിന്യം ഒഴുക്കിവിട്ടിരുന്നതായും പലതവണ പരാതിപ്പെട്ടിട്ടും നഗരസഭാ അധികൃതർ ഉചിതമായ നിലയിൽ നടപടിയെടുത്തിട്ടില്ലെന്നും പ്രദേശത്തുള്ളവർ പറഞ്ഞു. രാത്രി പരിസരത്തെ ഹൈമാസ്‌റ്റ്‌ ലൈറ്റ്‌ തെളിയാറില്ല. അക്രമസംഭവങ്ങളും മോഷണവുമുൾപ്പെടെ നടന്നിട്ടും ലൈറ്റ്‌ തെളിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്ന പരാതിയുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home