print edition വൈകൃതത്തെ അവർ ഇങ്ങനെ വാഴ്ത്തി; ഹാ... ജനാധിപത്യത്തിന്റെ സൗന്ദര്യം

എ ഐ നിർമിത ചിത്രം
‘ജനാധിപത്യത്തിന്റെ സൗന്ദര്യം’ നിറഞ്ഞാടിയ നാളുകളായിരുന്നു അത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കഴിഞ്ഞുള്ള ദിവസങ്ങൾ.
തെരഞ്ഞെടുപ്പിനുമുമ്പ്, പ്രതിപക്ഷ നേതാവ് വി ഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും ഒരേ സ്വരമായിരുന്നു: ‘യുഡിഎഫ് ജയിച്ചാൽ രണ്ടു മണിക്കൂറിനകം മുഖ്യമന്ത്രി.’ പക്ഷേ, ഫലം വരുംമുമ്പ് തുടങ്ങിയ തർക്കം തെരുവിലേക്ക് പടർന്നു. അതുപിന്നെ മെയ് 14വരെ നീണ്ട് ജനവിധിയെ നോക്കി പല്ലിളിച്ചു. അപ്പോഴും ആ വൈകൃതത്തെ മാധ്യമങ്ങൾ വാഴ്‌ത്തി, ‘ഹാ..ജനാധിപത്യത്തിന്റെ സൗന്ദര്യം!’
ആ സൗന്ദര്യം സമൂഹമാധ്യമങ്ങളിലും തെരുവുകളിലും പൂത്തുലഞ്ഞു. പലയിടത്തും അടിപൊട്ടി. നാടുനീളെ മൂന്നുനേതാക്കളുടെ ചിത്രങ്ങൾ. അതിൽ തുപ്പിനിറയ്‌ക്കലായി എതിർവിഭാഗക്കാരുടെ വിനോദം. തെറിവിളി, ചേരിതിരിഞ്ഞ് പ്രകടനം. ഹൈക്കമാൻഡിനെ കാണാൻ നേതാക്കൾ ഒറ്റയ്‌ക്കും കൂട്ടായും പറന്നു.
സെക്രട്ടറിയറ്റിനുമുന്നിൽ സൗന്ദര്യം രൗദ്രഭാവം പൂണ്ടു. ഫ്‌ളക്‌സുകളിലെ നേതാക്കളുടെ ചിരിക്കുന്ന മുഖങ്ങൾ ബ്ലേഡിന്റെ മൂർച്ചയറിഞ്ഞു. യുഡിഎഫ് ഘടകകക്ഷികൾ മുഖ്യമന്ത്രിത്തർക്കത്തിൽ ഇടപെട്ടു. തലയെണ്ണാൻ ഹൈക്കമാൻഡ് പ്രതിനിധികളെത്തി.
എണ്ണിത്തുടങ്ങിയപ്പോൾ കെ സി വേണുഗോപാലിന് ഭൂരിപക്ഷം. സതീശനും ചെന്നിത്തലയും പിണങ്ങി. പട നയിച്ച താൻതന്നെ മുഖ്യമന്ത്രി, അല്ലെങ്കിൽ മന്ത്രിയാകാനില്ലെന്ന് സതീശന്റെ ശാഠ്യം. ചെന്നിത്തല ഒൗട്ട്. വേണുഗോപാലിനെ ഹൈക്കമാൻഡ് പറഞ്ഞൊതുക്കി. പത്തുവർഷമായി കേരളം കാണാത്ത തമ്മിൽത്തല്ലിലും ‘ജനാധിപത്യ സൗന്ദര്യം’ ആസ്വദിച്ചു മാധ്യമങ്ങൾ.
വോട്ടെണ്ണൽ തീരുംമുന്പേ തങ്ങൾക്കിഷ്‌ടമില്ലാത്തവരെ സ്ഥലംമാറ്റാൻ കോൺഗ്രസിന്റെ സർവീസ് സംഘടനകൾ പണിതുടങ്ങി. 10 വർഷമായി മാനദണ്ഡമനുസരിച്ചുമാത്രം നടന്ന സ്ഥലംമാറ്റം സംഘടനകളുടെ ലെറ്റർഹെഡ്ഡിൽ വകുപ്പുമേധാവികൾക്ക് നൽകുന്ന പട്ടികയുടെ അടിസ്ഥാനത്തി ലായി.
ജീവനക്കാരെ നെട്ടോട്ടമോടിച്ചു. ഭീഷണി, തരംതാഴ്‌ത്തൽ, പിരിച്ചുവിടൽ. അപ്പോഴും മാധ്യമങ്ങൾ ‘മാറ്റ’ത്തിൽ ഉൗറ്റംകൊണ്ടു. മന്ത്രി സണ്ണി ജോസഫ് സ്വന്തം അളിയനെ സ്വന്തം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയപ്പോഴും മാധ്യമങ്ങൾ മിണ്ടിയില്ല.










0 comments