print edition വീണിതാ വീണ്ടും

ലോകകപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ നോർവെയോട് തോറ്റ് പുറത്തായശേഷം ബ്രസീൽ മുന്നേറ്റക്കാരൻ വിനീഷ്യസ് ജൂനിയർ നിരാശയോടെ മെെതാനത്ത് കിടക്കുന്നു
ന്യൂജേഴ്‌സി: കളിജീവിതത്തിലെ ഏറ്റവും നിരർഥകമായ പെനൽറ്റിയായിരുന്നു നെയ്‌മർ എടുത്തത്. ഫൈനൽ വിസിലിന് സെക്കൻഡുകൾ ബാക്കി. അപ്പോഴേക്കും ബ്രസീലിന്റെ മോഹങ്ങൾ മരിച്ചിരുന്നു. രണ്ട് ഗോൾ വഴങ്ങി തിരിച്ചുവരാനാകാത്തവിധം പിന്നോട്ടുപോയിരുന്നു.
പരിക്കുസമയത്തെടുത്ത നെയ്‌മറുടെ കിക്ക് നോർവെ ഗോൾകീപ്പർ ഒർയാൻ നയ്‌ലാൻഡിനെ മറികടന്ന് വലയിൽ കയറുന്പോൾ സ്‌റ്റേഡിയം നിശബ്‌ദമായി തുടർന്നു. അഗാധമായ ദുഃഖത്താൽ വിലപിച്ചു. സന്പൂർണമായ ദുരന്തത്തെ ബ്രസീൽ വരിച്ചുകഴിഞ്ഞു.
‘അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ’ എന്ന് ഫ-ുട്‌ബോളിലില്ല. അതിനാൽതന്നെ ബ്രൂണോ ഗുയ്‌മറെസിന്റെ പെനൽറ്റി പാഴായതും എൻഡ്രിക്ക് തുറന്ന അവസരം പുറത്തേക്കടിച്ചതും ബ്രസീൽ തോൽവിയുടെ കാരണങ്ങളായി കാണുന്നുണ്ടാകില്ല.
നിർഭാഗ്യമെന്ന് വിലയിരുത്താനാണ് അവർക്കിഷ്ടം.
നാല് വർഷം മുന്പ് ക്രൊയേഷ്യയോട് ക്വാർട്ടറിൽ തോറ്റപ്പോഴും അവർ നിർഭാഗ്യത്തെ പഴിച്ചു. അതിനും നാല് വർഷംമുന്പ് ബൽജിയത്തോടും സമാന ഘട്ടത്തിൽ തോറ്റു.
മറ്റാരെക്കാളും ഇക്കുറി പരിശീലകൻ കാർലോ ആൻസെലോട്ടിയിൽ വിശ്വസിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ അർജന്റീനയോടുള്ള 4–1ന്റെ തോൽവിയേൽപ്പിച്ച ആഘാതത്തിനിടയിലാണ് ആൻസെലോട്ടി ബ്രസീലിന്റെ കളിമുറ്റത്തെത്തുന്നത്. ചുമതലയേറ്റെടുത്ത് 16 കളിയിൽ 10 ജയം നൽകി. മൂന്ന് വീതം തോൽവിയും സമനിലയും.
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഞ്ച് കളിയിൽ നാലും തോറ്റ ടീമിനെ ആൻസെലോട്ടി പുതുക്കാൻ തുടങ്ങി. പക്ഷേ, ബ്രസീൽ ഫുട്‌ബോളിനെ ഗ്രസിച്ചിരിക്കുന്ന ആഴത്തിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആൻസെലോട്ടിയുടെ കൈയിൽ മരുന്നുകളുണ്ടായില്ല. അടിയന്തര ശസ്‌ത്രക്രിയ വേണ്ടിയിരിക്കുന്നു.
മധ്യനിരയെ ചലനാത്മകമാക്കാനും ആശയം നിറയ്‌ക്കാനും ആനന്ദിപ്പിക്കാനും കഴിയുന്ന കളിക്കാരെയാണ് ഇറ്റലിക്കാരന് ആവശ്യം. മധ്യനിരയിൽ കളി മെനയാനുള്ള ഒരു കളിക്കാരന്റെ അഭാവം ബ്രസീലിന്റെ തോൽവികളിൽ നിർണായകമായി. നോർവെയ്‌ക്കെതിരെ കണ്ടതും മറ്റൊന്നല്ല. ആൻസെലോട്ടി കാസെമിറോയിൽ അമിതമായി വിശ്വസിച്ചു.
ഗുയ്‌മറെസിനെ ആക്രമണത്തിലേക്ക് സ്വതന്ത്രനായി വിടാൻ കാസെമിറോയുടെ സാന്നിധ്യം സഹായിച്ചെങ്കിലും എതിരാളികൾക്ക് കയറിവരാനുള്ള വിടവുകളുണ്ടാക്കുന്ന ദൗർബല്യം തെളിഞ്ഞു. കളിയുടെ പല ഘട്ടങ്ങളിലും ബ്രസീൽ പ്രതിരോധം പിൻവലിഞ്ഞുനിന്നു. ഇതോടെ നോർവെ പാസുകളുമായി കളംനിറയുകയായിരുന്നു.
മധ്യനിരയിൽ ലൂകാസ് പക്വേറ്റയുടെ അഭാവവും ബാധിച്ചു. പക്വേറ്റയുടെ അതേ സവിശേഷതകളുള്ള മറ്റൊരു കളിക്കാരൻ ആൻസെലോട്ടിയുടെ സംഘത്തിലുണ്ടായില്ല. ഗബ്രിയേൽ മാർട്ടിനെല്ലിയാണ് പകരമെത്തിയത്.
അഞ്ച് മധ്യനിരക്കാരെ മാത്രം ടീമിൽ ഉൾപ്പെടുത്തിയത് കോച്ചിന്റെ തന്ത്രപരമായ വീഴ്‌ചയായാണ് വിലയിരുത്തുന്നത്. വലതുബാക്ക് വെസ്‌ലിക്ക് പകരം മധ്യനിരക്കാരൻ എഡേഴ്‌സണെ കൊണ്ടുവരേണ്ടിവന്നു.
മുന്നേറ്റക്കാരുടെ കളിഗതിക്ക് അനുസരിച്ചുള്ള മധ്യനിര ബ്രസീലിന് ഇല്ലാതായി. സൂപ്പർതാരം നെയ്‌മറിന്റെ ഉൾപ്പെടുത്തലും ചർച്ചയായി. നോർവെയ്‌ക്കെതിരെ അവസാന നിമിഷം പെനൽറ്റിയിലൂടെ ഗോൾ നേടിയെങ്കിലും പ്രതിഭയുടെ നിഴൽ മാത്രമായിരുന്നു നെയ്‌മർ.
കുതിച്ചുപായുന്ന ഫുൾ ബാക്കുകളും കളി മെനയുന്ന മധ്യനിരയും അസ്‌ത്രവേഗത്തിൽ വല തുളയ്‌ക്കുന്ന സ്‌ട്രൈക്കർമാരുമായിരുന്നു ബ്രസീലിന്റെ സ്വപ്‌ന സംഘം. ആൻസെലോട്ടിക്ക് ഇനിയും സമയമുണ്ട്. ദീർഘമായ കരാറാണ്. അടുത്ത ലോകകപ്പ് 2030ലാണ്. കാത്തിരിപ്പ് ബ്രസീൽ തുടരുന്നു.











0 comments