ad
Deshabhimani

print edition കൂട്ടപ്പിരിച്ചുവിടൽ 
നിയമവിരുദ്ധം: പിണറായി വിജയൻ

Pinarayi Vijayan Press Meet
വെബ് ഡെസ്ക്

Published on Jul 07, 2026, 01:16 AM | 1 min read

തിരുവനന്തപുരം: യുഎസ് ആസ്ഥാനമായ മെഡിക്കൽ കോഡിങ് കമ്പനി കോറോ ഹെൽത്തിന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ പൂട്ടി എണ്ണൂറിലേറെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്‌ അംഗീകരിക്കാനാകില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ.


കേന്ദ്ര സർക്കാരിന്റെ പുതിയ ലേബർ കോഡുകളിലെ വ്യവസ്ഥകൾ മറയാക്കിയാണ് കമ്പനിയുടെ നടപടിയെന്ന്‌ അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. കോർപറേറ്റ് മൂലധന ശക്തികൾക്കായി കേന്ദ്രം കൊണ്ടുവന്ന ലേബർ കോഡുകൾ അങ്ങേയറ്റം തൊഴിലാളിവിരുദ്ധമാണെന്നതിന്റെ ഉദാഹരണമാണിത്‌.


ലേബർ കോഡുകൾ കേരളത്തിൽ നടപ്പാക്കില്ല എന്ന ഉറച്ച നിലപാടാണ്‌ എൽഡിഎഫ്‌ സർക്കാർ എടുത്തത്‌. ഇടതുപക്ഷ ട്രേഡ് യൂണിയനുകളും ഇതേ നിലപാടെടുത്തിരുന്നു. കേരളത്തിൽ ലേബർ കോഡുകൾ വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാൽ ‘ഇൻഡസ്ട്രിയൽ ഡിസ്‌പ്യൂട്ട്‌ ആക്ട് 1947' ആണ്‌ ആധാരമാക്കേണ്ടത്‌.


അതുപ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയുള്ള കൂട്ടപ്പിരിച്ചുവിടൽ നിയമവിരുദ്ധമാണ്. എന്നിട്ടും നിയമലംഘനത്തിന്‌ കമ്പനിക്ക് ധൈര്യം വന്നത് സംസ്ഥാന സർക്കാരിന്റെയും തൊഴിൽ വകുപ്പിന്റെയും നിസ്സംഗത കൊണ്ടാണ്.


കോർപറേറ്റുകൾ തൊഴിലാളികളെ തെരുവിലേക്ക് തള്ളിയിടുമ്പോൾ സർക്കാർ നോക്കുകുത്തിയാകരുത്‌. മുൻകൂർ നോട്ടീസോ അർഹമായ നഷ്ടപരിഹാരമോ നൽകാതെ തൊഴിലാളികളെ യഥേഷ്‌ടം പിരിച്ചുവിടാനുള്ള ലൈസൻസായി ലേബർ കോഡുകൾ മാറി.


ഐടി, അനുബന്ധ മേഖലയിൽ ജോലി ചെയ്യുന്നവരെയുൾപ്പെടെ ഇത്‌ പ്രതികൂലമായി ബാധിക്കും. കോറോ ഹെൽത്ത്‌ കമ്പനി മാനേജ്‌മെന്റിന്റെ ധാർഷ്‌ട്യത്തിനുമുന്നിൽ സംസ്ഥാന സർക്കാർ മുട്ടുമടക്കരുതെന്നും പിണറായി പറഞ്ഞു.


കത്തയച്ചു


തിരുവനന്തപുരം: ലേബർ കോഡുകളിലെ തൊഴിലാളിദ്രോഹ വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പാക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. പിരിച്ചുവിട്ട ജീവനക്കാരെ അടിയന്തരമായി തിരിച്ചെടുക്കാനും അവർക്ക് അർഹമായ വേതനം ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home