വിലക്കയറ്റത്തിൽ പ്രതിസന്ധി
റോഡ് നിർമാണത്തിൽനിന്ന് കരാറുകാർ പിൻവാങ്ങുന്നു

നിധിൻ ഈപ്പൻ
പാലക്കാട്
ടാറിനും അസംസ്കൃത വസ്തുക്കൾക്കുമുണ്ടായ വിലവർധനമൂലം ജില്ലയിലെ റോഡ് നിർമാണം നിലച്ചു. സാമ്പത്തികനഷ്ടം സഹിച്ച് മുന്നോട്ട് പോകാനില്ലെന്ന നിലപാടിലാണ് കരാറുകാർ. പുതിയ പ്രവൃത്തികളിൽനിന്ന് കരാറുകാർ കൂട്ടത്തോടെ പിൻവാങ്ങുകയാണ്. മാർച്ചിനുശേഷം വിപണിയിൽ ടാറിന്റെ വില കുത്തനെ ഉയർന്നു. മുന്പ് ബാരലിന് 7,500 രൂപ മുതൽ 9,700 രൂപവരെയായിരുന്ന ബിറ്റുമിൻ വില ഇപ്പോൾ 16,000–18000 രൂപയായി വർധിച്ചു. റോഡ് നിർമാണത്തിന്റെ ആദ്യഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട എസ്എസ്-1, ആർഎസ് -1 തുടങ്ങിയ എമൽഷനുകളുടെ വിലയും ഉയർന്നു. 13,000 രൂപ മുതൽ 15,000 രൂപവരെയായിരുന്ന എമൽഷൻ ബാരലുകളുടെ വില ഇപ്പോൾ 26,000 മുതൽ 30,000 രൂപവരെയാണ്. സാധാരണ 100 മീറ്റർ റോഡ് നിർമിക്കാൻ 3 യൂണിറ്റ് മെറ്റലും, വിജി- 30 ഇനത്തിൽപ്പെട്ട 5 ബാരൽ ടാറും, അതിനൊപ്പം എസ്എസ്-1, ആർഎസ്-1 എന്നിവ ഓരോ ബാരൽ വീതവും ആവശ്യമായി വരാറുണ്ട്. മുന്പ് 1.40 ലക്ഷം രൂപ മതിയായിരുന്നിടത്ത് ഇപ്പോൾ കുറഞ്ഞത് 2.80 ലക്ഷം രൂപ വേണം. ബിഎംബിസി നിലവാരത്തിലുള്ള നിർമാണത്തിന് രണ്ട് ലക്ഷം രൂപയ്‌ക്കുപകരം നാല് ലക്ഷമാണ് ഇപ്പോഴത്തെ ചെലവ്. എം-സാൻഡ്, വിവിധ അളവിലുള്ള മെറ്റലുകൾ എന്നിവയ്ക്ക് യൂണിറ്റിന് 500 രൂപ മുതൽ 1000 രൂപവരെ വർധിച്ചു. ഇതോടൊപ്പം വൈബ്രേറ്റർ റോളറുകൾ ഉൾപ്പെടെയുള്ള ആധുനിക യന്ത്രങ്ങളുടെ വാടകയും ഉയർന്നു.
അപ്രായോഗികമായി പഴയ നിരക്കുകൾ
സർക്കാർ കരാറുകൾക്ക് അനുമതി നൽകുന്നത് 2021-ലെ പഴയ എസ്റ്റിമേറ്റ് നിരക്കുകൾ പ്രകാരമാണ്. വിപണിയിലെ ഇന്നത്തെ യഥാർഥ വില നിലവാരവുമായി ഒട്ടും ഒത്തുപോകാത്ത ഈ നിരക്കിൽ പണി ഏറ്റെടുത്ത് നടത്തുന്നത് കരാറുകാരെ ബാധ്യതയിലാക്കുന്നു. ടാറിന്റെ വിലയ്ക്ക് ആനുപാതികമായി പിഡബ്ല്യുഡി നിരക്കുകളിൽ 30 ശതമാനത്തോളം വർധന വരുത്തണമെന്ന കരാറുകാരുടെ ആവശ്യത്തോട് സർക്കാർ കണ്ണടയ്ക്കുകയാണ്.
കൂലിയിലും വർധന
ഇതരസംസ്ഥാന തൊഴിലാളികളെയാണ് കരാറുകാർ ആശ്രയിക്കുന്നത്. എന്നാൽ ഇവരുടെ കൂലിവർധിച്ചു. മുന്പ് 300 മീറ്റർ റോഡ് നിർമാണത്തിന്റെ ലേബർ കരാറിന് 75,000 രൂപ മതിയായിരുന്നിടത്ത് ഇപ്പോൾ ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്.
കരാറുകാരുടെ ജീവിതം വഴിമുട്ടുന്നു
കേന്ദ്ര നിയമങ്ങളും മാനദണ്ഡങ്ങളും എല്ലാം കൃത്യമായി പാലിച്ച് ജിഎസ്ടിയും ഇൻകം ടാക്സും ഒടുക്കിയാണ് റോഡ് കരാറുകാർ പ്രവൃത്തി ചെയ്യുന്നത്. എന്നാൽ, തങ്ങൾ അനുഭവിക്കുന്ന കടുത്ത പ്രതിസന്ധികൾക്കുനേരെ കേന്ദ്ര-സംസ്ഥാന–സർക്കാരുകൾ കണ്ണടയ്ക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു. പുതിയ കരാറുകൾ ഏറ്റെടുക്കാനാകാത്ത വിധം തകർന്നതോടെ ഭൂരിഭാഗം കരാറുകാരുടെയും കുടുംബങ്ങൾ കടക്കെണിയിലാണ്.









0 comments