ad
Deshabhimani

print edition കൊറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടൽ; ചർച്ചയിൽനിന്ന്‌ വലിഞ്ഞ്‌ കമ്പനി; ഇടപെടാതെ സർക്കാർ

Corro.jpg

കോറോ ഹെൽത്ത്‌ കമ്പനിയിൽനിന്ന്‌ പിരിച്ചുവിട്ട ജീവനക്കാരെ സ്ഥാപനത്തിൽ 
പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞപ്പോൾ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി 
വി കെ സനോജ്‌ പ്രസിഡന്റ് വി വസീഫിന്റെയും നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Jul 07, 2026, 01:13 AM | 1 min read

കൊച്ചി: യുഎസ്‌ ആസ്ഥാനമായ കോറോ ഹെൽത്ത്‌ കമ്പനി മുന്നറിയിപ്പുപോലുമില്ലാതെ ആയിരത്തോളം ജീവനക്കാരെ നിയമവിരുദ്ധമായി പിരിച്ചുവിട്ടിട്ടും കൈയുംകെട്ടി നോക്കിനിന്ന്‌ സംസ്ഥാന സർക്കാർ.


കന്പനിയുടെ കൊച്ചി, കോഴിക്കോട്‌ ഓഫീസുകളിലെ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെ, തിങ്കളാഴ്‌ച ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും കന്പനി പ്രതിനിധികൾ എത്തിയില്ല. നിയമോപദേഷ്ടാവിനെയാണ്‌ അയച്ചത്‌. 10ന്‌ ചർച്ച നടത്താൻ ലേബർ കമീഷണർ തീരുമാനിച്ചിട്ടുണ്ടെങ്കിലും അമേരിക്കൻ കന്പനിയുടെ പ്രതിനിധികൾ ചർച്ചയ്‌ക്കായി അന്നും എത്തുമെന്ന്‌ ഉറപ്പില്ല.


അനധികൃതമായി പിരിച്ചുവിടപ്പെട്ട ജീവനക്കാർ തിങ്കളാഴ്‌ച കൊച്ചിയിലെ ഓഫീസിൽ കയറാൻ എത്തിയപ്പോൾ അധികൃതർ തടഞ്ഞത്‌ ഡിവൈഎഫ്‌ഐ, സിഐടിയു ഉൾപ്പെടെയുള്ള സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കി. പൊലീസിന്റെ സഹായത്തോടെയാണ്‌ കന്പനി അധികൃതർ ജീവനക്കാരെ തടഞ്ഞത്‌.


മണിക്കൂറുകൾ ജീവനക്കാർക്ക്‌ പുറത്തുനിൽക്കേണ്ടിവന്നു. വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌, സെക്രട്ടറി വി കെ സനോജ്‌ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ ഇത്‌ ചോദ്യംചെയ്‌തു. നേതാക്കൾ കനത്ത പ്രതിഷേധം ഉയർത്തിയതോടെയാണ്‌ ജീവനക്കാരെ ഓഫീസിൽ പ്രവേശിപ്പിച്ചത്‌.


ആയിരത്തോളം യുവതീയുവാക്കളെ ഒറ്റയടിക്ക്‌ ജോലിയിൽനിന്ന്‌ പുറന്തള്ളിയിട്ടും മുഖ്യമന്ത്രിയടക്കം എറണാകുളം ജില്ലയിലെ നാലുമന്ത്രിമാരും ആശ്വാസം പകരാൻ എത്തിയില്ല. മന്ത്രിതല ചർച്ചയ്‌ക്കും തയ്യാറായില്ല. പകരം ലേബർ കമീഷണറെയും തൃക്കാക്കര എംഎൽഎയെയുമാണ്‌ നിയോഗിച്ചത്‌.


സർക്കാരിന്റെ നിസ്സംഗത കമ്പനി മുതലെടുത്തു. നിയമോപദേഷ്ടാവ്‌ മാത്രം ചർച്ചക്ക്‌ ഹാജരായത്‌ ഇതിന്‌ തെളിവാണ്‌. വിഷയം സംസ്ഥാന സർക്കാർ ഗ‍ൗരവമായി എടുക്കാതിരുന്നാൽ കന്പനിക്ക്‌ കാര്യങ്ങൾ എളുപ്പമാകും. അടുത്ത ചർച്ചയ്‌ക്ക്‌ കന്പനി പ്രതിനിധികൾ വന്നില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന്‌ സംസ്ഥാന ലേബർ കമീഷണർ സഫ്‌ന നസറുദീൻ പറഞ്ഞു.


ലേബർ കമീഷണർ വിളിച്ച ചർച്ച ഗസ്‌റ്റ്‌ഹ‍ൗസിൽ നടക്കുന്ന സമയത്തുതന്നെയാണ്‌ പാലാരിവട്ടത്തെ ഓഫീസിലെത്തിയ ജീവനക്കാരെ കമ്പനി അധികൃതർ തടഞ്ഞത്‌. ലേബർ കമീഷണറുടെ നിർദേശമുള്ളതിനാൽ ചൊവ്വാഴ്‌ചമുതൽ സാധാരണപോലെ ഓഫീസിൽ എത്താനാണ്‌ ജീവനക്കാരുടെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home