print edition നഴ്‌സുമാരുടെ സമരം; തുറന്ന യുദ്ധവുമായി ‘കത്തോലിക്ക സഭ’

തൃശൂർ ജൂബിലി ആശുപത്രിക്ക് മുന്നിലെ നഴ്സുമാരുടെ സമരം|ചിത്രം: ദി ഹിന്ദു
തൃശൂർ: ജൂബിലി, അമല ആശുപത്രികളിലെ നഴ്‌സുമാർ നടത്തുന്ന സമരത്തിനെതിരെ കത്തോലിക്ക സഭ. സമരത്തിനുപിന്നിൽ രഹസ്യ അജൻഡയാണെന്നും ആശുപത്രികൾ പൂട്ടാൻ നീക്കമെന്നും ആരോപിച്ച് പാസ്റ്ററൽ കൗൺസിൽ രംഗത്തെത്തി. അതിരൂപത മുഖപത്രമായ ‘കത്തോലിക്ക സഭ’യിൽ നഴ്‌സുമാർക്കെതിരെ ലേഖനവും പ്രസിദ്ധീകരിച്ചു.
സമരത്തിന് നേതൃത്വം നൽകുന്നവർ സാന്പത്തിക കുറ്റവാളികളാണെന്ന് ജൂലൈ ലക്കത്തിലെ ലേഖനത്തിൽ ആരോപിക്കുന്നു. വിശ്വാസിസമൂഹത്തെ അണിനിരത്തി സഭാവിരോധികളെയും അക്രമാസക്ത സമരങ്ങളെയും ചെറുക്കുമെന്നുള്ള അതിരൂപത പാസ്‌റ്ററൽ കൗൺസിലിന്റെ മുന്നറിയിപ്പും ലേഖനത്തിലുണ്ട്.
യുഎൻഎയുടെ നേതൃത്വത്തിലുള്ള സമരത്തിന്റെ മറവിൽ ജനകീയ ആശുപത്രി തകർത്ത് കോർപറേറ്റ് ഭീമന്മാർക്ക് പരവതാനി വിരിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് പത്രത്തിന്റെ ഒന്നാം പേജ് വാർത്തയിൽ പറയുന്നു. സർക്കാർ ഉത്തരവ് പ്രഖ്യാപിക്കുന്ന ദിവസ മുതൽ വേതനനിരക്ക് നൽകാമെന്ന് അറിയിച്ചിട്ടും മാർച്ച് നടത്തിയതും അതിരൂപത അധ്യക്ഷനെ അവഹേളിച്ചതും കുത്തകകൾക്ക് വഴിയൊരുക്കാനാണെന്നും ലേഖനത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം പള്ളികളിൽ ഇടയലേഖനം വായിച്ചു. പ്രതിഷേധവും സംഘടിപ്പിച്ചു. 12ന് അതിരൂപത കേന്ദ്രീകരിച്ച് പ്രതിരോധസംഗമം സംഘടിപ്പിക്കാനും സഭ തീരുമാനിച്ചു.
യുഎൻഎ നേതൃത്വത്തിൽ ജൂബിലി– അമല ആശുപത്രികൾക്ക് മുന്നിൽ നഴ്‌സുമാർ സമരത്തിലാണ്. സംസ്ഥാനത്തെ മറ്റു സ്വകാര്യആശുപത്രികളിലെ സമരം ഒത്തുതീർപ്പായിരുന്നു.
എന്നാൽ ഇൗ രണ്ട് ആശുപത്രികളിൽ ഇടക്കാലാശ്വാസം നൽകാൻ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. മറ്റ് ആശുപത്രികളേക്കാൾ വേതനം അമലയിലും ജൂബിലിയിലും നൽകുന്നുണ്ടെന്നാണ് മാനേജ്‌മെന്റ് അവകാശം. സമരം അവസാനിപ്പിച്ചാലും ഒഴിവുണ്ടെങ്കിലേ സമരക്കാരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കൂവെന്ന് ജൂബിലി മിഷൻ മാനേജ്‌മെന്റ് പറയുന്നു.











0 comments