print edition അമ്മ അഡ്ഹോക് കമ്മിറ്റി: ശ്വേത മേനോന്റെ ഹർജിയിൽ കക്ഷി ചേരാൻ അൻസിബ

അൻസിബ
കൊച്ചി: അമ്മ അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം തടയാൻ കാരണമായ ശ്വേത മേനോന്റെ ഹർജിയിൽ കക്ഷിചേരാൻ അൻസിബ അപേക്ഷ നൽകി. എറണാകുളം മുൻസിഫ് കോടതിയിലാണ് ചൊവ്വാഴ്‌ച അപേക്ഷ നൽകിയത്. കോടതിയുടെ മുൻതീരുമാനം പുന:പരിശോധിക്കണമെന്നാണ് ആവശ്യം.
ഇതിനിടെ കോടതി ഉത്തരവിന്റെ പിൻബലത്തിൽ താൻ പ്രസിഡന്റായ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി പുനരുജ്ജീവിപ്പിക്കാൻ ശ്വേത മേനോൻ നീക്കം തുടങ്ങി. ശ്വേതയുടെ ഹർജി പരിഗണിച്ച എറണാകുളം മുൻസിഫ് കോടതി, അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ശ്വേതയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പ്രവർത്തനം തുടരാനും അനുമതി നൽകി. ഈ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അൻസിബ കോടതിയെ സമീപിച്ചത്. തന്റെ ഭാഗംകൂടി കേൾക്കണമെന്നതാണ് ആവശ്യം.
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ഉടന്‍ ഭരണസമിതി യോഗം ചേരാനാണ് നീക്കം.
രാജിക്കാര്യം ശ്വേത മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നെങ്കിലും ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിട്ടില്ല. രാജിക്കത്ത് ഔദ്യോഗികമായി നൽകിയ നാലുപേർ ഒഴികെയുള്ളവരെ വിളിച്ചു ചേർത്ത് കമ്മിറ്റി ചേരാനാണ് നീക്കം. തുടർന്ന് ജനറല്‍ ബോഡി വിളിച്ച് കണക്ക് അവതരിപ്പിക്കാനും തെരഞ്ഞെടുപ്പ് നടത്താനുമാണ് ആലോചന.











0 comments