print edition ചൂരൽമല ഒറ്റപ്പെട്ടു; നൂറോളം സഞ്ചാരികൾ കുടുങ്ങി; റോഡിൽ ഒരാൾപ്പൊക്കം മണ്ണ്


സ്വന്തം ലേഖകൻ
Published on Jul 08, 2026, 04:44 AM | 1 min read
മേപ്പാടി: മീനാക്ഷിയിലെ മണ്ണിടിച്ചിലിൽ ഒറ്റപ്പെട്ട് ചൂരൽമല പ്രദേശം. ഒരാൾപ്പൊക്കത്തിൽ നൂറുമീറ്ററോളം റോഡ് മണ്ണിനടിയിലായതോടെ രാത്രിയിലും ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ഇതോടെ വിദ്യാർഥികളും വിനോദസഞ്ചാരികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ഇരുഭാഗത്തുമായി കുടുങ്ങി.
ചൂരൽമലയിലെ വിദ്യാർഥികൾ മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വെള്ളാർമല സ്‌കൂളിലാണ് പഠിക്കുന്നത്. കെഎസ്‌ആർടിസിയുടെ പ്രത്യേക ബസിൽ രാവിലെ പത്തോടെ സ്‌കൂളിൽ എത്തിക്കുകയാണ് പതിവ്. കൽപ്പറ്റയിലേക്കടക്കം ജോലിക്ക് പോകാനുള്ളവരും ഇപ്പുറം കടന്നു. 11.15ഓടെ മണ്ണിടിഞ്ഞത് ഇവരെയെല്ലാം മടങ്ങിവരാനാവാത്ത അവസ്ഥയിലാക്കി.
അപകടത്തിനുശേഷം ജെസിബി ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് റോഡിലെ മണ്ണ് നീക്കൽ ആരംഭിച്ചുവെങ്കിലും ഏറെ മുന്നോട്ടുപോകാനായില്ല. വൈകിട്ടോടെയാണ് കാൽനടയാത്രക്കുള്ള സൗകര്യം ഒരുക്കാനായത്. തുടർന്ന് മേപ്പാടിയിൽനിന്ന് ബസിൽ എത്തിച്ച വിദ്യാർഥികളെ സുരക്ഷാപ്രവർത്തകരുടെ സംരക്ഷണയിൽ മൺകൂനക്ക് മുകളിലൂടെ നടത്തി അപ്പുറത്തെത്തിച്ചു. ജോലിക്കായി പോയവരും ഇത്തരത്തിലാണ് ചൂരൽമല ഭാഗത്തത് തിരികെ എത്തിയത്.
വിനോദസഞ്ചാരത്തിനായി എത്തിയ നൂറുകണക്കിനാളുകൾ ചൂരൽമലയിൽ കുടുങ്ങിക്കിടക്കുകയാണ്. സൂചിപ്പാറ വെള്ളച്ചാട്ടം, റിസോർട്ടുകൾ എന്നിവിടങ്ങളിലേക്ക് എത്തിയവരാണ് ഏറെയും. വാഹനങ്ങളുമായി എത്തിയതിനാൽ പുറത്തേക്ക് കടക്കാനാവാത്ത അവസ്ഥയാണ്. ചൂരൽമല, അട്ടമല എന്നിവിടങ്ങളിലെ റിസോർട്ടിലും ഹോംസ്‌റ്റേകളിലും കഴിയുകയാണ് ഇവർ. റോഡിൽനിന്ന് മണ്ണ് നീക്കുന്നത് ബുധൻ രാവിലെ പുനരാരംഭിക്കും. റോഡ് ഗതാഗതം ആരംഭിച്ചാൽ മാത്രമെ കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികൾക്ക് മടങ്ങാനാവു.











0 comments