ad
Deshabhimani

print edition വനഭേദഗതി ബില്ലിൽ
ഉറ്റുനോക്കി കേരളം

udf cabinet
avatar
ബിമൽ പേരയം

Published on Jul 08, 2026, 05:09 AM | 1 min read

തിരുവനന്തപുരം: മനുഷ്യ–വന്യജീവി സംഘർഷം സവിശേഷദുരന്തമായി പ്രഖ്യാപിച്ച്‌ 2024ൽ എൽഡിഎഫ്‌ സർക്കാർ പാസാക്കിയ വനഭേദഗതി ബില്ലിൽ കേന്ദ്ര അംഗീകാരം നേടിയെടുക്കാൻ യുഡിഎഫ്‌ സർക്കാർ നടപടിയെടുക്കുമോ എന്ന്‌ ഉറ്റുനോക്കുകയാണ്‌ ജനങ്ങൾ. ബിൽ ഗവർണർ ഒപ്പിട്ട്‌ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്‌. യുഡിഎഫ്‌ സർക്കാർ അധികാരത്തിൽവന്ന്‌ മൂന്നാഴ്‌ചയ്‌ക്കുള്ളിൽ എട്ടുപേർ കാട്ടാനയാക്രമണത്തിൽ മരിച്ചു.


മനുഷ്യരുടെ ജീവനും കൃഷിക്കും ഭീഷണിയായ ആക്രമണകാരികളായ വന്യജീവികളെ കൊല്ലാനുള്ള അനുമതിയാണ്‌ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്‌. സമവർത്തിപ്പട്ടികയിൽപ്പെട്ടതിനാൽ വനം, പരിസ്ഥിതി വിഷയങ്ങളിൽ നിയമനിർമാണം നടത്താൻ സംസ്ഥാന സർക്കാരുകൾക്കും അധികാരമുണ്ട്‌. സംസ്ഥാന സർക്കാർ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പിട്ടെങ്കിലും രാഷ്‌ട്രപതിയുടെ അനുമതി നിർബന്ധമാണ്‌.

നിലവിലുള്ള നടപടിക്രമങ്ങൾപ്രകാരം ആദ്യം സമിതി രൂപീകരിച്ച്‌ ശുപാർശ നൽകുകയും അപകടകാരിയായ മൃഗത്തെ കാമറയിൽ തിരിച്ചറിയുകയും വേണം. കടുവയാണെങ്കിൽ നരഭോജിയാണെന്ന്‌ സ്ഥിരീകരിക്കണം. ഇത്‌ പ്രായോഗികമല്ലാത്തതിനാലാണ്‌ കേരളം നിയമത്തിൽ ഭേദഗതി വരുത്തിയത്‌. നാടൻകുരങ്ങുകളെ ഒന്നാംപട്ടികയിൽനിന്ന്‌ രണ്ടിലേക്ക്‌ മാറ്റാനും ജനനനിയന്ത്രണം നടത്താനും കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുമുള്ള അധികാരം സംസ്ഥാനത്തിന്‌ നൽകണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്‌.

ചില വ്യവസ്ഥകളിൽ കേന്ദ്രം കൂടുതൽ വ്യക്തത തേടിയിട്ടുണ്ട്‌. ബില്ലിന് അനുമതി ലഭിക്കാൻ സംസ്ഥാന സർക്കാരും എംപിമാരും കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം. കേന്ദ്രവും രാഷ്ട്രപതിയും ആവശ്യപ്പെട്ട വിവരങ്ങളിൽ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ ബിൽ നിരസിക്കും. സംസ്ഥാനം മറുപടി നൽകണമെന്നാവശ്യപ്പെട്ട്‌ മുൻ വനംമന്ത്രി എ കെ ശശീന്ദ്രൻ ചൊവ്വാഴ്‌ച മന്ത്രി ഷിബു ബേബി ജോണിന്‌ കത്ത്‌ നൽകി. കേന്ദ്രമന്ത്രി ഭൂപേന്ദർ സിങ്ങുമായി ഷിബു ബേബിജോൺ ബുധനാഴ്‌ച കൂടിക്കാഴ്‌ച നടത്തുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home