വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തി
print edition പിഎം ശ്രീ നടപ്പാക്കരുത്: എസ്‌എഫ്‌ഐ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പൊതു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ വിദ്യാർഥി സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥി സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തണം എന്നതടക്കം 22 നിർദേശം എസ്‌എഫ്‌ഐ മുന്നോട്ടുവച്ചു. പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ടുകൾ പലതും തടഞ്ഞുവയ്‌ക്കുന്ന കേന്ദ്ര സർക്കാരിന്റെ സമീപനത്തിന് എതിരായുള്ള സംസ്ഥാന സർക്കാരിന്റെ ന്യായമായ എല്ലാ ഇടപെടലുകൾക്കും പിന്തുണ നൽകുമെന്നും എസ്‌എഫ്‌ഐ അറിയിച്ചു.
എസ്‌എഫ്‌ഐ മുന്നോട്ടുവച്ച മറ്റ് നിർദേശങ്ങൾ: എല്ലാ സ്‌കൂളിലും സ്‌കൂൾ പാർലമെന്റുകൾ രൂപീകരിക്കുന്നതിന് നിയമനിർമാണം നടത്തണം. വിദ്യാഭ്യാസ അവകാശരേഖ പ്രഖ്യാപിക്കണം. കെഎസ്‌ആർടിസി ബസുകളിൽ ആൺ–പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികൾക്ക് യാത്രാസൗജന്യം നൽകുക. പ്ലസ് വൺ പാഠപുസ്‌തകങ്ങളുടെ അച്ചടി വേഗത്തിലാക്കുക, ആദിവാസി, ദളിത് വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾക്ക് ഊന്നൽ നൽകുക തുടങ്ങിയ നിർദേശങ്ങളാണ് എസ്‌എഫ്‌ഐ മുന്നോട്ടുവച്ചത്. സംസ്ഥാന ജോയിന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് സാദിഖും സെക്രട്ടറിയറ്റ് അംഗം പ്രവിഷ പ്രമോദുമാണ് യോഗത്തിൽ പങ്കെടുത്തത്. കെഎസ്‌യു, എംഎസ്‌എഫ് പ്രതിനിധികൾ പങ്കെടുത്തില്ല. എഐഎസ്‌എഫ്, എബിവിപി, എസ്‌ഐഒ തുടങ്ങിയ സംഘടന പ്രതിനിധികളും പങ്കെടുത്തു.










0 comments