ad
Deshabhimani

print edition കോറോ ഹെൽത്ത്‌ കൂട്ടപ്പിരിച്ചുവിടൽ: സർക്കാർ നോക്കുകുത്തി;
ജീവനക്കാർ പെരുവഴിയിൽ

Corro Health Kochi Employees

കൊച്ചി കോറോ ഹെൽത്ത് ഓഫീസിന്‌ പുറത്ത്‌ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഹാജർ രേഖപ്പെടുത്താൻ വരി നിൽക്കുന്ന ജീവനക്കാർ

വെബ് ഡെസ്ക്

Published on Jul 08, 2026, 05:12 AM | 3 min read

കൊച്ചി: സംസ്ഥാന സർക്കാരിനെ ഇളിഭ്യരാക്കി കോറോ ഹെൽത്ത്‌ അധികൃതർ കൊച്ചിയിലെ ഓഫീസ്‌ പൂട്ടി സ്ഥലംവിട്ടതോടെ ജീവനക്കാർ പെരുവഴിയിലായി. തിങ്കളാഴ്‌ച ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലെടുത്ത തീരുമാനം കാറ്റിൽപ്പറത്തിയാണ്‌ രാത്രിയോടെ കൊച്ചി പാലാരിവട്ടത്തെ ഓഫീസ്‌ പൂട്ടിയത്‌.

മന്ത്രിതല ചർച്ച നടക്കുന്ന ജൂലൈ 10 വരെ ജീവനക്കാർക്ക്‌ ഓഫീസിൽ വരാമെന്നായിരുന്നു തിങ്കളാഴ്‌ചത്തെ ചർച്ചയിലുണ്ടായ തീരുമാനം. ഇതുപ്രകാരം രാവിലെതന്നെ നിശ്ചിതസമയത്ത്‌ ജീവനക്കാർ എത്തി. അപ്പോഴാണ്‌ ഓഫീസ്‌ പൂട്ടിയെന്നും അകത്ത്‌ കടക്കാനാവില്ലെന്നും വ്യക്തമായത്‌. കെട്ടിടത്തിന്റെ സുരക്ഷാചുമതലയുള്ള ജീവനക്കാർ ഉള്ളിലേക്ക്‌ കയറ്റരുതെന്ന്‌ നിർദേശമുണ്ടെന്നും അറിയിച്ചു. ഇതോടെ കന്പനി വീണ്ടും കബളിപ്പിച്ചെന്ന്‌ ജീവനക്കാർക്ക്‌ ബോധ്യപ്പെട്ടു.


വിവരം അറിഞ്ഞ്‌ റീജണൽ ജോയിന്റ്‌ ലേബർ കമീഷണർ ഡി സുരേഷ്‌ കുമാർ, അസി. ലേബർ ജില്ലാ ലേബർ ഓഫീസർ മിനോയ്‌ ജെയിംസ്‌ തുടങ്ങിയവർ സ്ഥലത്ത്‌ എത്തി ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തി. ഏറെനേരം ഓഫീസ്‌ തുറക്കുന്നതും കാത്ത്‌ ജീവനക്കാർ നിന്നെങ്കിലും പിന്നീട്‌ മടങ്ങി.


സിഐടിയു നേതൃത്വത്തിൽ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എ ജി ഉദയകുമാർ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ ബിബിൻ വർഗീസ്‌, സെക്രട്ടറി നിഖിൽ ബാബു, ട്രഷറർ മീനു സുകുമാരൻ എന്നിവർ സ്ഥലത്ത്‌ എത്തി ജീവനക്കാരുമായി സംസാരിച്ചു. ഉമ തോമസ്‌ എംഎൽഎയും വന്നു.


കോറോ ഹെൽത്ത്‌ അധികൃതരെ ഫോൺ വിളിച്ചിട്ടും ഇ മെയിൽ അയച്ചിട്ടും പ്രതികരിക്കുന്നില്ലെന്ന്‌ തൊഴിൽവകുപ്പ്‌ ഉദ്യോഗസ്ഥർ. നിരന്തരമായി ബന്ധപ്പെട്ടിട്ടും മറുപടിയുമില്ലെന്നാണ്‌ ഉദ്യോഗസ്ഥർ പറഞ്ഞത്‌.


കന്പനി മീറ്റിങ്ങിനുശേഷം മറുപടി നൽകാമെന്നും എച്ച്‌ആർ ടീം ബന്ധപ്പെടുമെന്നും സന്ദേശം ലഭിച്ചതല്ലാതെ പിന്നീട്‌ അനക്കമൊന്നുമില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ചൊവ്വാഴ്‌ച സ്ഥാപനത്തിൽ എത്തിയ ജീവനക്കാരുടെ ഹാജർ റീജണൽ ജോയിന്റ്‌ ലേബർ കമീഷണറുടെ നേതൃത്വത്തിൽ എടുത്തു. തുടർന്നുള്ള ദിവസങ്ങളിലും ഇത്‌ തുടരുമെന്ന്‌ അറിയിച്ചു.


പ്രതീക്ഷയോടെ എത്തി; 
നിരാശരായി മടങ്ങി

കോറോ ഹെൽത്ത്‌ കന്പനിയിലെ ജീവനക്കാർ പ്രതീക്ഷയോടെയാണ്‌ ചൊവ്വാഴ്‌ച ഓഫീസിൽ എത്തിയത്‌. എന്നാൽ തലേന്ന്‌ രാവിലെ സംഭവിച്ചതുപോലെ ഇവരെ ഓഫീസിലേക്ക്‌ കയറ്റിയില്ല. ഇതോടെ നിരാശയായി . തിങ്കളാഴ്‌ച ലഭിച്ച അറിയിപ്പ്‌ പ്രകാരം ചൊവ്വ രാവിലെ തന്നെ ജീവനക്കാർ ഓഫീസിൽ എത്തിയിരുന്നു. രാവിലെ ഒന്പതിനാണ്‌ ജോലിക്ക്‌ കയറേണ്ടത്‌. ഇതിന്‌ മുന്പ്‌ തന്നെ നിരവധിപേരെത്തി. ഓഫീസ്‌ തുറന്നുനൽകുമെന്നും അകത്തേക്ക്‌ കയറാൻ കഴിയുമെന്നും കരുതി കാത്തുനിന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഇനി എന്തുചെയ്യുമെന്ന ആശങ്കയും ജോലി നഷ്‌ടമാകുന്നതിന്റെ ഭീതിയും സങ്കടവുമായിരുന്നു എല്ലാ മുഖങ്ങളിലും.


‘‘പ്രതീക്ഷയോടെയാണ്‌ വന്നത്‌. എന്നാൽ അകത്തേക്കുപോലും കടക്കാൻ കഴിഞ്ഞില്ല. പിരിച്ചുവിട്ടാൽ ജീവിതം കഷ്ടത്തിലാകും. മറ്റൊരു ജോലി ലഭിക്കുന്നത്‌ വളരെ പ്രയാസമാണ്‌. ആയിരത്തോളം ജീവനക്കാരാണ്‌ തൊഴിൽ നഷ്ടമായി തെരുവിലേക്ക്‌ ഇറങ്ങുന്നത്‌. ഇത്രയും പേർക്ക്‌ ഒരുമിച്ച്‌ ജോലി നൽകാൻ ആർക്കാണ്‌ സാധിക്കുക. ഒന്നും അറിയില്ല. ബുധനാഴ്‌ചയും ഞങ്ങൾ വരും’’– പ്രതീക്ഷ കൈവിടാതെ ജീവനക്കാർ പറഞ്ഞു.​


മന്ത്രിതല ചർച്ചയോട്‌ മുഖംതിരിച്ച്‌ കന്പനി അധികൃതർ

കൂട്ടപ്പരിച്ചുവിടൽ വിഷയത്തിൽ പത്തിന്‌ തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ ചേരാൻ നിശ്ചയിച്ച ചർച്ചയിൽ പങ്കെടുക്കണമെന്ന ആവശ്യത്തോട്‌ മുഖംതിരിച്ച്‌ കോറോ ഹെൽത്ത്‌ കന്പനി. തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണയുടെ സാന്നിധ്യത്തിൽ ചർച്ചയുണ്ടെന്നും പങ്കെടുക്കണമെന്നും ആവശ്യപ്പെട്ട്‌ ഇമെയിലിലാണ്‌ നോട്ടീസ്‌ നൽകിയത്‌. കന്പനിയുടെ നിയമോപദേഷ്ടാവിനെ തിങ്കളാഴ്‌ച നേരിട്ടും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ കന്പനിയുടെ ഭാഗത്തുനിന്നും മറുപടിയൊന്നും ലഭിച്ചില്ല.


തിങ്കളാഴ്‌ച ലേബർ കമീഷണർ വിളിച്ച ചർച്ചയിൽ കന്പനിയെ പ്രതിനിധീകരിച്ച്‌ നിയമോപദേഷ്ടാവാണ്‌ ഹാജരായത്‌. മന്ത്രിയുമായി ചർച്ച നടത്താൻ പത്തിനോ സ‍ൗകര്യപ്രദമായ മറ്റൊരു ദിവസമോ വരാമെന്നും ഡയറക്ടർമാരെ പ്രതിനിധീകരിച്ച്‌ ഒരാൾമാത്രമേ എത്തൂവെന്നും നിയമോപദേഷ്ടാവ്‌ ലേബർ കമ്മീഷണറോട്‌ പറഞ്ഞിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ്‌ കന്പനിക്ക്‌ നോട്ടീസ്‌ അയച്ചത്‌. എന്നാൽ അവർ നിസ്സഹകരണം തുടരുകയാണ്‌.


സർക്കാർ
ഇടപെടലിൽ
വിശ്വാസമില്ലെന്ന്‌
ജീവനക്കാർ


കോഴിക്കോട്‌: കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടലിൽ സർക്കാരിനെതിരെ ജീവനക്കാർ. സർക്കാർ ഇടപെടലിൽ വിശ്വാസമില്ലെന്നും കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളൊന്നും നടപ്പായില്ലെന്നും ജീവനക്കാരുടെ പ്രതിനിധി ജസീൽ അബ‍ൂബക്കർ മാധ്യമങ്ങളോട്‌ പറഞ്ഞു. എന്തുകൊണ്ട് കോറോ കമ്പനിയെ ബന്ധപ്പെടാൻ സർക്കാരിന് സാധിക്കുന്നില്ല, കേരളത്തിൽ നാലുവർഷമായി പ്രവർത്തിച്ച കമ്പനിയുടെ പ്രതിനിധികളെ ബന്ധപ്പെടാൻ പറ്റുന്നില്ലെന്ന്‌ പറയുന്നത്‌ വിശ്വസിക്കാനാകില്ല. സാധ്യമാകുന്ന നിയമനടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ്‌ തീരുമാനം.


പ്രതിഷേധം കനക്കുന്നു

കോറോ ഹെൽത്ത്‌ കന്പനി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച്‌ സിഐടിയു തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം പാലാരിവട്ടത്തെ ഓഫീസിലേക്ക്‌ പ്രകടനം നടത്തി. കൂട്ടപ്പിരിച്ചുവിടലിന്‌ എതിരെയും കന്പനിയുടെ ധിക്കാരത്തിന്‌ എതിരെയും പ്രതിഷേധം കനക്കുകയാണ്‌. സിപിഐ എമ്മും ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജീവനക്കാരെ നിലനിർത്തണമെന്നും തൊഴിൽ ഉറപ്പാക്കണമെന്നും സംസ്ഥാന സർക്കാർ വിഷയത്തിൽ ശക്തമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ ഫലപ്രദമായി ഇടപെടാനോ ജീവനക്കാരുടെ ആശങ്ക നീക്കാനോ ഇതുവരെ സർക്കാരിനായിട്ടില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home