print edition കാർഷിക പ്രതിസന്ധിക്ക് സ്റ്റാർട്ടപ് പരിഹാരം; സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം


സ്വന്തം ലേഖകൻ
Published on Jul 08, 2026, 05:05 AM | 1 min read
തിരുവനന്തപുരം: കേരളത്തിലെ കാർഷിക മേഖലയെ സാങ്കേതികവിദ്യയുടെ കരുത്തിലൂടെ കൂടുതൽ ഉൽപ്പാദനക്ഷമവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമാക്കാൻ ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ് മിഷൻ നടപ്പാക്കുന്ന അഗ്രി-നെക്‌സ്റ്റ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 150 അഗ്രിടെക് സ്റ്റാർട്ടപ്പുകളെ തെരഞ്ഞെടുത്ത് സാങ്കേതികവിദ്യകൾ കർഷകരിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നത്.
കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ, കൃഷിച്ചെലവ് കുറയ്ക്കൽ, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കൃഷിരീതികൾ, മെച്ചപ്പെട്ട വിപണി ബന്ധങ്ങൾ, വരുമാന വർധന എന്നിവയാണ് ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ്പുകൾ വികസിപ്പിക്കുന്ന നൂതന കാർഷിക പരിഹാരങ്ങൾ നേരിട്ട് കൃഷിയിടങ്ങളിൽ പരീക്ഷിക്കാനും വിപുലമായതലത്തിൽ വിന്യസിക്കാനും അവസരം നൽകുന്ന പദ്ധതിയാണിത്.
തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് 25 ലക്ഷംവരെ ധനസഹായം, മെന്ററിങ്, ഇൻകുബേഷൻ പിന്തുണ, കർഷക ശൃംഖലകളിലേക്കുള്ള പ്രവേശനം, ഫീൽഡ് പൈലറ്റ് അവസരങ്ങൾ എന്നിവ ലഭ്യമാക്കും.
പ്രിസിഷൻ ഫാമിങ്, ഡ്രോൺ സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്മാർട്ട് ഇറിഗേഷൻ, ഫാം മെക്കനൈസേഷൻ, വിള സംരക്ഷണം, സംസ്കരണവും സംഭരണവും, മൂല്യവർധിത ഉൽപ്പന്നങ്ങൾ, അഗ്രി-ഫിൻടെക്, കാലാവസ്ഥാ സൗഹൃദ കൃഷി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പദ്ധതിയിൽ പങ്കാളികളാകാം. സ്റ്റാർട്ടപ്പുകൾ https://agrinext.startup mission.in/ എന്ന ലിങ്കിൽ 31 നകം അപേക്ഷിക്കണം. ഫോൺ: 9447713627.










0 comments