കള്ളാടി മണ്ണിടിച്ചിൽ ദുരന്തം
print edition ‘പണി നിർത്തിയില്ലായിരുന്നുവെങ്കിൽ വലിയ ദുരന്തം’

തുരങ്കപാത നിർമാണ തൊഴിലാളികൾ പദ്ധതി പ്രദേശത്ത്
കെ എ അനിൽകുമാർ
Published on Jul 08, 2026, 04:42 AM | 1 min read
കള്ളാടി : റോഡുപണി നിർത്തിവച്ചില്ലായിരുന്നെങ്കിൽ വലിയ ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് തൊഴിലാളികൾ. അഞ്ച് ദിവസമായി പണി യില്ലെന്ന് തൊഴിലാളികളായ ദിനേഷ് കുമാർ, അഭിരാജ്, ദേവേന്ദ്ര, നാഗേന്ദ്ര എന്നിവർ പറഞ്ഞു.
ജമ്മു കശ്‌മീർ, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നൂറ്റന്പതോളം തൊഴിലാളികളാണ് തുരങ്കപാത നിർമാണവുമായി മീനാക്ഷിയിലുണ്ടായത്. രണ്ട് ഷിഫ്റ്റുകളിലായി രാവും പകലും പണിനടന്നിരുന്നു. മഴ തുടങ്ങിയതോടെ അഞ്ചുദിവസമായി പണിയുണ്ടായിരുന്നില്ല. ചൊവ്വ രാവിലെ ഇവിടെ കൂട്ടിയിട്ടിരുന്ന മൺകൂമ്പാരം റോഡിലേക്ക് വീണിരുന്നു. ഇത് മാറ്റാനും മഴവെള്ളം പോകാൻ ചാല് കീറാനും മറ്റും എത്തിയവരാണ് ദുരന്തത്തിൽ അകപ്പെട്ടതെന്ന് ദിനേഷ്‌കുമാർ പറഞ്ഞു. 20ഓളം പേരാണ് ആ സമയം അവിടെയുണ്ടായത്.
നിർമാണ ഉപകരണങ്ങൾ, വാഹനങ്ങൾ തുടങ്ങിയവക്കായുള്ള വർക്ക്ഷോപ്പ്, സ്റ്റോർ റൂം, എച്ച്ആർ ഓഫീസ്, സേഫ്റ്റി ഓഫീസ് തുടങ്ങിയവയാണ് നിർമാണ സ്ഥലത്ത് സ്ഥിരമായുണ്ടായിരുന്നത്. തുരങ്കപാത നിർമാണ സ്ഥലത്തിന്റെ രണ്ടു-മൂന്ന് കിലോമീറ്റർ ദൂരത്തായിരുന്നു തൊഴിലാളികളുടെ താമസസ്ഥലങ്ങൾ. അവിടെയായിരുന്നു ബാക്കിയുള്ളവർ. ഇവിടെനിന്ന് ബസുകളിൽ ഇവരെ നിർമാണസ്ഥലത്തേക്ക് കൊണ്ടുവരികയാണ് ചെയ്യുക.
ഞെട്ടൽ മാറാതെ വിഘ്‌നേഷ്
മേപ്പാടി: ""ശബ്‌ദംകേട്ട് ഓടിയെത്തിയപ്പോൾ കുന്ന് ഒന്നാകെ ഇടിഞ്ഞുവരുന്നതാണ് കണ്ടത്. തുരങ്കപാത പദ്ധതിക്കായി കോൺക്രീറ്റ് ചെയ്‌ത ഭാഗം അടക്കം കുത്തിയൊലിച്ചുവരുന്നു. പാലത്തിലൂടെ നടന്നുനീങ്ങിയ നാലുപേർ നിലവിളിച്ച് ഓടിവരുന്നുണ്ടായിരുന്നു. പാലത്തിലുണ്ടായിരുന്ന വലിയ ടാങ്കർ ലോറി മണ്ണിടിച്ചിലിന്റെ ശക്തിയിൽ പുറകോട്ട് ഉരുണ്ടുവരുന്നതും കണ്ടു. അപകടത്തിൽപ്പെടുമെന്ന് മനസ്സിലായപ്പോൾ ഭയന്ന് പുറകോട്ട് ഓടുകയായിരുന്നു... ''-ദുരന്തത്തിൽനിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട ആശ്വാസത്തിലാണ് ജീപ്പ് ഡ്രൈവർ മേപ്പാടി സ്വദേശി വിഘ്‌നേഷ് കുമാർ.
വലിയ നിലവിളി കേട്ടാണ് വിഘ്‌നേഷ് കുമാർ അടക്കം ഹോട്ടലിൽ ഭക്ഷണം കഴിച്ചിരുന്നവർ ഓടി പുറത്തിറങ്ങിയത്. തൊള്ളായിരംകണ്ടിയിലെ ടൂറിസ്റ്റ് ജീപ്പ് ഡ്രൈവറായ വിഘ്‌നേഷ് വിനോദസഞ്ചാരികളെ കൊണ്ടുപോകാൻ സമീപത്തെ റിസോർട്ടിൽ എത്തിയതായിരുന്നു. ഇതിനിടെയാണ് ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറിയത്. ഹോട്ടലിന് പുറത്ത് നിർത്തിയിട്ടിരുന്ന വിഘ്‌നേഷിന്റെ ജീപ്പ് ദുരന്തത്തിൽ തകർന്നു.











0 comments