ad
Deshabhimani

print edition ആ മുത്തം ബാക്കി

Cristiano Ronaldo
വെബ് ഡെസ്ക്

Published on Jul 08, 2026, 04:12 AM | 2 min read

ഡാലസ്‌: ഒടുവിൽ ആ ഭാരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ ഇറക്കിവച്ചു. പ്രായം പതിനെട്ടല്ല, 41 ആണെന്ന്‌ മനസ്സ്‌ ഓർമിപ്പിച്ച്‌ കാണും. നേട്ടങ്ങളുടെ കൊടുമുടി താണ്ടിയിട്ടും ലോകം കീഴടക്കാനാകാതെ പടിയിറക്കം. ഇനിയൊരു ലോകകപ്പിനില്ലെന്ന്‌ പോർച്ചുഗൽ നായകൻ പ്രഖ്യാപിച്ചിരുന്നു. സ്‌പെയ്‌നിനെതിരെ പ്രീ ക്വാർട്ടറിൽ തോറ്റാലും ജയിച്ചാലും ബാധിക്കില്ലെന്ന്‌ പറഞ്ഞെങ്കിലും മത്സരശേഷം കണ്ണീരടക്കാനായില്ല. ഒരു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ്‌ മൈതാനം വിട്ടു.


ആറ്‌ ലോകകപ്പുകളിലായി 27 കളിയിൽ 11 ഗോളുമായാണ്‌ മടക്കം. 2006ൽ അരങ്ങേറ്റ പതിപ്പിൽ സെമിയിലെത്തിയതാണ്‌ മികച്ച പ്രകടനം. അടുത്ത ലോകകപ്പിനില്ലെന്ന്‌ ഉറപ്പിച്ചെങ്കിലും ദേശീയ കുപ്പായമഴിക്കുന്ന കാര്യത്തിൽ പിന്നീട്‌ തീരുമാനമെന്നാണ്‌ അറിയിപ്പ്‌.

പോർച്ചുഗലിലെ ദ്വീപായ മദീരയിലെ തെരുവിൽനിന്ന്‌ കാൽപ്പന്തിന്റെ സിംഹാസനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. കഠിനാധ്വാനവും ആത്മസമർപ്പണവുമായിരുന്നു കൈമുതൽ. പ്രായം കൂടുന്തോറും അതിന്‌ കുറവുണ്ടായില്ല.


ഭാവിതാരങ്ങൾ നിറഞ്ഞ പോർച്ചുഗൽ നിരയിൽ അനിഷേധ്യനായി തുടരാൻ കാരണം ഇ‍ൗ അധ്വാനമാണ്‌. 23 വർഷമായി തുടരുന്ന ഗോളടിക്ക്‌ വലിയ മാറ്റമില്ല. സ‍ൗദി പ്രോ ലീഗിലും രാജ്യത്തിനുമായി ഇ‍ൗ സീസണിൽ 37 തവണ വലകുലുക്കി. കളിജീവിതത്തിൽ ആയിരം ഗോളെന്ന അനുപമമായ റെക്കോഡിലേക്ക് 24 ഗോളിന്റെ ദൂരം മാത്രമാണ്‌.


ഇത്തവണ ലോകകപ്പിൽ അഞ്ച്‌ മത്സരത്തിൽ മൂന്ന്‌ ഗോളാണ്‌. ആറ്‌ പതിപ്പിലും ഗോളടിച്ച ഏക താരമാണ്‌. ‘ഇത്തരത്തിൽ മടങ്ങുന്നതിൽ സങ്കടമുണ്ട്‌. ഫുട്‌ബോളറുടെ ജീവിതം ഇങ്ങനെയാണ്‌. ജയവും തോൽവിയും സ്വീകരിക്കേണ്ടതുണ്ട്‌. അവസാന ലോകകപ്പാണ്‌. മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല. പോർച്ചുഗൽ കുപ്പായത്തിൽ മൂന്ന്‌ ട്രോഫികൾ നേടി. അതിൽ 2016 യൂറോ വിജയം ലോകകപ്പിനോളം സമാനമാണെന്ന്‌ വിശ്വസിക്കുന്നു’–റൊണാൾഡോ പറഞ്ഞു.


പോർച്ചുഗൽ ഫുട്‌ബോളിനെ റൊണാൾഡോയ്‌ക്ക്‌ മുമ്പും ശേഷവും വേർതിരിക്കാം. അതിന്‌ മുമ്പ്‌ ഒറ്റ ട്രോഫിയും പറങ്കികൾക്കുണ്ടായിരുന്നില്ല. മുന്നേറ്റക്കാരൻ വന്നശേഷം യൂറോ കപ്പും രണ്ട്‌ നേഷൻസ്‌ ലീഗ്‌ കിരീടവും സ്വന്തമാക്കി. നാല്‌ ഫൈനൽ കളിച്ചു. ടീം സ്ഥിരമായി ലോകകപ്പിന്‌ യോഗ്യത നേടാനും തുടങ്ങി. ലോകഫുട്‌ബോളിൽ ആദ്യ പത്ത്‌ സ്ഥാനവും ഉറപ്പിച്ചു. ക്ലബ്‌ തലത്തിലും കളിച്ച എല്ലാ ടൂർണമെന്റുകളിലും കിരീടം. ആകെ 35 ട്രോഫികൾ ഉയർത്തി. അഞ്ച്‌ ബാലൻ ഡി ഓറും. പക്ഷേ ലോകകപ്പ്‌ മാത്രം ബാക്കി. ആൽഫ്രെഡോ ഡി സ്‌റ്റെഫനാനോ, ഫെറെൻസ്‌ പുസ്‌കാസ്‌, യോഹാൻ ക്രൈഫ്‌ തുടങ്ങിയ ഇതിഹാസ താരങ്ങൾക്കൊപ്പം ലോകകിരീടമില്ലാത്ത അപൂർണമായ കളിജീവിതത്തിനുടമയായി റൊണാൾഡോയെ ഭാവിതലമുറ വായിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home