print edition സംഘപരിവാർ സംഘടനകളുടെ പ്രചാരകനായി എംജി വി സി

ഡി മാവൂത് (ഇടത്), ബാലഗോകുലത്തെ പുകഴ്‌ത്തിയുള്ള ഡി മാവൂതിന്റെ പ്രസംഗം സംഘപരിവാർ മുഖപത്രം ജന്മഭുമിയിൽ (വലത്)

സ്വന്തം ലേഖകൻ
Published on Jul 08, 2026, 03:59 AM | 1 min read
കോട്ടയം: സംഘപരിവാർ സംഘടനകളുടെ പ്രചാരകനായി മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡി മാവൂത്. വൈസ് ചാൻസലറായി ചുമതലയേറ്റശേഷം സംഘപരിവാർ വേദികളിലെ സ്ഥിരം സാന്നിധ്യമാണ് ഡി മാവൂത്. ഏറ്റുവുമൊടുവിൽ മാവേലിക്കരയിൽ നടന്ന ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനത്തിന്റെ പൊതുസഭ ഉദ്ഘാടനം ചെയ്യാനാണ് മാവൂത് എത്തിയത്. ഔദ്യോഗിക വാഹനത്തിലാണ് വി സി സംഘപരിവാർ വേദിയിൽ എത്തിയത്. കുട്ടികളിൽ വിഭജനചിന്ത വളർത്തുന്ന ബാലഗോകുലത്തെ പുകഴ്‌ത്തിയായിരുന്നു മാവൂതിന്റെ പ്രസംഗം. ആർഎസ്‌എസ് ശതാബ്‌ദിയുടെ ഭാഗമായി ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണസഭയിലും ഭാരതീയ വിചാര കേന്ദ്രം അടുത്തിടെ ആലുവയിൽ സംഘടിപ്പിച്ച ചടങ്ങിലും ഡി മാവൂത് അതിഥിയായി പങ്കെടുത്തു.
സംഘപരിവാർ വേദികളിലല്ലാതെ അക്കാദമിക് വേദികളിലൊന്നും മാവൂതിന്റെ സാന്നിധ്യമില്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിസിയുടെ ചുമതല നൽകിയ ഡോ.സി ടി അരവിന്ദകുമാർ ഉൾപ്പെടെ സർവകലാശാലയിലെ 16 അധ്യാപകർ ലോകത്തെ മികച്ച ശാസ്‌ത്രജ്ഞരുടെ പട്ടികയിൽ ഇടം പിടിച്ചത് കഴിഞ്ഞ ദിവസമാണ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് സംഘപരിവാർ നോമിനികൾ വിസി പദവിയിലേക്ക് എളുപ്പത്തിൽ കടന്നുകൂടിയത്. കൊച്ചി സർവകലാശാലയിലെ സംഘപരിവാർ അധ്യാപക സംഘടനാനേതാവായിരുന്ന ഡി മാവൂതിനെ ഗവർണറുടെ താൽപര്യപ്രകാരമാണ് വിസി ആക്കിയത്. ഇതിനെതിരെ സർക്കാർ പ്രതികരിച്ചതുമില്ല.
ചുമതലയേറ്റപ്പോൾ വിസിയുടെ ചേംബറിലെത്തി ബിജെപി നേതാക്കൾ ബിജെപിയുടെ ചിഹ്നം പതിപ്പിച്ച ഷാൾ അണിയിച്ചിരുന്നു. സെനറ്റ് പുനഃസംഘടിപ്പിച്ചപ്പോൾ 19 സംഘപരിവാറുകാരെ ചാൻസലർ തിരുകിക്കയറ്റി. താൽക്കാലിക അധ്യാപക നിയമനവും പഠനബോർഡുകളുടെ പുനഃസംഘടനയും വിവാദമായി. യുജിസിയുടെ കാറ്റഗറി വൺ പദവിയും നാക് എ ഡബിൾ പ്ലസും നേടി സർവകലാശാലയെ മുന്നോട്ട് നയിക്കുന്ന വിവിധ പഠനവകുപ്പ് മേധാവികളെ നോക്കുകുത്തിയാക്കിയാണ് വിസിയുടെ ഇടപെടലുകൾ.











0 comments