print edition സ്വകാര്യവൽക്കരണം ലക്ഷ്യം: കൊച്ചി കപ്പൽശാല ഓഹരിവില ഇടിഞ്ഞു

കൊച്ചി: രാജ്യത്തെ വലിയ പൊതുമേഖലാ കപ്പല്‍നിര്‍മാണശാലയായ കൊച്ചി കപ്പൽശാല (സിഎസ്എല്‍)യുടെ കൂടുതല്‍ ഓഹരി വില്‍ക്കാനുള്ള കേന്ദ്രനീക്കത്തിന് തിരിച്ചടിയായി ഓഹരിവില കുത്തനെ ഇടിഞ്ഞു. കേരളത്തിന്റെ അഭിമാനമായ നവരത്ന കമ്പനി സ്വകാര്യവൽക്കരിക്കാൻ ഓഫര്‍ ഫോര്‍ സെയിലിലൂടെ 5.04ശതമാനം ഓഹരിയുടെ വിൽപ്പന ചൊവ്വാഴ്‌ച ആരംഭിച്ചെങ്കിലും വില ഇടിയുകയായിരുന്നു.
ചില്ലറ ഇതര നിക്ഷേപകര്‍ക്കായിരുന്നു ആദ്യദിനം ഓഹരി വാങ്ങാന്‍ അവസരം. ബുധനാഴ്‌ച ചില്ലറനിക്ഷേപകര്‍ക്കും.
ബിഎസ്ഇയില്‍ തിങ്കളാഴ്ചത്തെ അവസാന വിലയായിരുന്ന 1504.75രൂപയില്‍ നിന്ന് ഏഴ് ശതമാനത്തോളംകുറച്ച് 1400രൂപയാണ് കേന്ദ്രം ഓഹരിക്ക് വിലയിട്ടത്. നിക്ഷേപകരുടെ പ്രതികരണം പ്രതികൂലമായതോടെ നാല്ശതമാനത്തോളം വില ഇടിഞ്ഞു. 1454.80ലാണ് വ്യാപാരം തുടങ്ങിയത്. 3.75ശതമാനം നഷ്ടത്തില്‍ (56.45 രൂപ കുറഞ്ഞ്) 1448.30രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ കൈവശം സിഎസ്എല്ലിന്റെ 67.86ശതമാനം ഓഹരിയാണുള്ളത്. വില്‍പ്പന പൂര്‍ണമായാൽ അത് 62.86ശതമാനമാകും. 2012ൽ രണ്ടാം യുപിഎ സര്‍ക്കാരാണ് പൂർണമായും പൊതു ഉടമസ്ഥതയിലുള്ള കപ്പൽശാലയുടെ ഓഹരി വിൽപ്പന തുടങ്ങിയത്.
തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധത്തിലൂടെ അതിന് തടയിട്ടെങ്കിലും 2015ൽ മോദി സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വീണ്ടും അനുമതി നല്‍കി. 2017ല്‍ 25ശതമാനം ഓഹരി വിറ്റു. തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായി 7.14ശതമാനവും.











0 comments