കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വിൽപനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് പൊലീസിന്റെ പിടിയിലായി. കുറ്റിക്കാട്ടൂർ സ്വദേശി തടപ്പറമ്പിൽ വീട്ടിൽ അബ്ദുൽ ജബ്ബാർ (38) ആണ് മെഡിക്കൽ കോളേജ് പൊലീസിന്റെ വലയിലായത്. കോട്ടൂളി സെൻട്രൽ ജങ്ഷന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. പൊലീസിനെ കണ്ട് പരിഭ്രമിച്ച് മാറാൻ ശ്രമിച്ച ജബ്ബാറിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് 4.740 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
കോട്ടൂളി, തൊണ്ടയാട് മേഖലകൾ കേന്ദ്രീകരിച്ച് യുവാക്കൾ, വിദ്യാർഥികൾ, ഇതരസംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് ലഹരിമരുന്ന് ചില്ലറ വിൽപന നടത്തുന്ന പ്രധാനിയാണ് പിടിയിലായ ജബ്ബാറെന്ന് പൊലീസ് പറഞ്ഞു. ലഹരിക്ക് അടിമയായ പ്രതി, സ്വന്തം ഉപയോഗത്തിനുള്ള മയക്കുമരുന്ന് വാങ്ങാനുള്ള പണം കണ്ടെത്താനാണ് ഈ കച്ചവടം നടത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.
പ്രതിയുടെ ഫോൺ രേഖകളും ബാങ്ക് അക്കൗണ്ടുകളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ലഹരിമരുന്ന് എത്തിച്ചുനൽകുന്ന മൊത്തവ്യാപാരികളെയും ഇയാളിൽ നിന്ന് സ്ഥിരമായി ലഹരി വാങ്ങുന്നവരെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.










0 comments