‘ഉദ്ദിഷ്ടബോണ്ടുകൾക്ക് ഉപകാര സ്മരണ’; ജനങ്ങളുടെ ജീവൻ പണയം വയ്ക്കുന്ന കോൺഗ്രസ്

തിരുവനന്തപുരം : ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയെന്ന പോലെയാണ് അധികാരത്തിലെത്തിയ ശേഷമുള്ള യുഡിഎഫിന്റെ ചില പ്രത്യേക തീരുമാനങ്ങൾ. പണ്ട് സഹായിച്ചവരെ ഭരണമേറ്റടുത്ത ശേഷം സർക്കാരിന്റെ വിവിധ പദ്ധതികളിലായി തിരുകിക്കയറ്റുകയാണ് സതീശൻ. ഒടുവിലത്തെ ഉദാഹരണമാണ് നാറ്റ്കോ ഫാർമ. ഗുരുതര ജനിതകരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ചവർക്കുള്ള ജീവൻരക്ഷാമരുന്നായ റിസ്ഡിപാം മാറ്റി പകരം നാറ്റ്കോ ഫാർമ നിർമിക്കുന്ന പുതിയ മരുന്ന് നൽകാനാണ് സർക്കാർ തീരുമാനം. 12 കോടിയുടെ ഇലക്ടറൽ ബോണ്ടിനുള്ള നന്ദിയാണോ കാണിക്കുന്നതെന്ന് സംശയമുയർന്നാലും തെറ്റുപറയാനില്ല. 2019 ഒക്ടോബറിലും 2023 ഒക്ടോബർ, നവംബർ മാസങ്ങളിലുമായി 12.25 കോടി രൂപയാണ് നാറ്റ്കോ ഫാർമ കോൺഗ്രസിന് നൽകിയത്.
നിലവിൽ സൗജന്യമായി നൽകിക്കൊണ്ടിരിക്കുന്ന മരുന്ന് മാറ്റി നാറ്റ്കോയുടെ ക്ലിനിക്കൽ പരീക്ഷണം പോലും കഴിയാത്ത മരുന്നാണ് നൽകാൻ സതീശൻ സർക്കാർ നിർദേശിച്ചത്. രോഗബാധിതരായ കുട്ടികളുടെ രക്ഷിതാക്കൾ വിഷയം ശ്രദ്ധയിൽപെടുത്താൻ ശ്രമിച്ചിട്ടും ആരോഗ്യമന്ത്രി കെ മുരളീധരൻ കാണാൻപോലും തയ്യാറായില്ല. ശാസ്ത്രീയ പരിശോധനകളൊന്നുമില്ലാതെ പുതിയ മരുന്ന് മാറി നൽകുന്നത് കുട്ടികളുടെ ആരോഗ്യാവസ്ഥയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. എങ്കിലും തീരുമാനവുമായി സർക്കാർ മുന്നോട്ട് പോവുകയാണ്.
Related News
നാറ്റ്കോ ഫാർമയുൾപ്പെടെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന പതിനഞ്ചോളം കമ്പനികളിൽ നിന്നായി 150 കോടിയോളം രൂപയാണ് കോൺഗ്രസ് ബോണ്ടായി വാങ്ങിയത്. മൾട്ടി- സ്പെഷ്യാലിറ്റി ആശുപത്രി ശൃംഖലയായ യശോദ സൂപ്പർ സ്പെഷ്യാലിറ്റി ( Yashoda Super Speciality Hospital), ഫാർമസി / മെഡിക്കൽ റീട്ടെയിൽ സ്ഥാപനങ്ങളായ ലക്ഷ്മി മെഡിക്കൽസ് (Lakshmi Medicals), ധീരജ് മെഡിക്കൽസ് ( Dheeraj Medicals) എന്നിവിടങ്ങളിൽ നിന്നായി കോൺഗ്രസ് വാങ്ങിയത് 69 കോടി രൂപയാണ്. യശോദ സൂപ്പർ സ്പെഷ്യാലിറ്റിയിൽ നിന്നാണ് ഇലക്ടറൽ ബോണ്ടായി ഏറ്റവുമധികം തുക വാങ്ങിയത്. 64 കോടി രൂപ.
ഫാർമസ്യൂട്ടിക്കൽ & ലൈഫ് സയൻസസ് കമ്പനികൾ വഴി കോൺഗ്രസിന് കിട്ടിയത് 74 കോടി രൂപയാണ്. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് (Dr. Reddy’s Laboratories Limited- 11 കോടി), നാറ്റ്കോ ഫാർമ ലിമിറ്റഡ് (Natco Pharma Limited – 12.5 കോടി), ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് (Torrent Pharmaceuticals Limited – 21 കോടി), ഡിവീസ് ലബോറട്ടറീസ് ലിമിറ്റഡ് (Divi’s Laboratories Limited - 5 കോടി ), സിപ്ല ലിമിറ്റഡ് (Cipla Limited– 17 കോടി), സൈഡസ് ഹെൽത്ത്കെയർ ലിമിറ്റഡ് (Zydus Healthcare Limited – 2 കോടി) മൈക്രോ ലാബ്സ് ലിമിറ്റഡ് (Micro Labs Limited – 3 കോടി ), അജന്ത ഫാർമ ലിമിറ്റഡ് (Ajanta Pharma Ltd – 1 കോടി ), ജൂബിലന്റ് ലൈഫ് സയൻസസ് ലിമിറ്റഡ് (Jubilant Life Sciences Limited – 1 കോടി ) എന്നിങ്ങനെയാണ് കണക്കുകൾ. മെഡിക്കൽ ഉപകരണങ്ങൾ, ഹെൽത്ത് ടെക്നോളജി, ലാബ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളായ ഹൊറൈസൺ മെഡിക്കൽ സപ്ലൈസ് (Horizon Medical Supplies- 4 കോടി), ഡോ. ഹെൽത്ത്ടെക് (Dr Healthtech - 80 ലക്ഷം), ദസാമി ലാബ് പ്രൈവറ്റ് ലിമിറ്റഡ് (Dasami Lab Pvt Ltd- 5 കോടി) എന്നീ സ്ഥാപനങ്ങളിൽ നിന്നും കോൺഗ്രസ് ഇലക്ടറൽ ബോണ്ട് വാങ്ങിയിട്ടുണ്ട്.
കേരളത്തിലെ സ്വകാര്യ ആശുപത്രികളെ വൻകിട കോർപറേറ്റുകൾ വിലയ്ക്ക് വാങ്ങുന്നതിനു പിന്നാലെയാണ് ഇഷ്ടക്കാരായ കമ്പനികളുടെ മരുന്നുകൾ നൽകി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കാനും കോൺഗ്രസ് ശ്രമിക്കുന്നത്. ജനകീയ ‘കേരള ആരോഗ്യ മാതൃക’യെ തകർക്കാനായി ഏതറ്റം വരെയും പോകുമെന്ന് ഇതിലൂടെ കോൺഗ്രസ് ഒരിക്കൽകൂടി വ്യക്തമാക്കുന്നു.
കെഎസ്ആർടിസി ബസ് വാങ്ങാൻ പണം നൽകിയ ബേക്കറി മുതലാളിക്ക് വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ അനുമതി നൽകിയതിന്റെ അടുത്ത ദിവസമാണ് 12 കോടി നൽകിയ കമ്പനിക്ക് പരീക്ഷണം പോലും പൂർത്തിയാക്കാത്ത മരുന്ന് വിൽക്കാനും അനുമതി നൽകിയതെന്നത് മറ്റൊരു വസ്തുത. ശസ്ത്രക്രിയയ്ക്കിടെ കറന്റ് പോയാൽ അരമണിക്കൂർ ശസ്ത്രക്രിയ നിർത്തിവച്ച് കറന്റ് വന്ന ശേഷം മാത്രം ചെയ്യണമെന്ന് പറയുന്ന ആരോഗ്യമന്ത്രി ഈ വിഷയങ്ങളൊന്നും ശ്രദ്ധിക്കുന്നതുപോലുമില്ല. ഇനി ഇത്തരത്തിൽ എത്രയെത്ര ഉപകാര സ്മരണകൾ കാണേണ്ടിയും അനുഭവിക്കേണ്ടിയും വരുമെന്നുള്ള ആശങ്കയിലാണ് കേരളത്തിലെ ജനങ്ങൾ.








0 comments