ഏഴോളം തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു; നാലുവയസുകാരിയെ കടിച്ചുകീറി വലിച്ചിഴച്ചു, ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
ലുധിയാന: പഞ്ചാബിലെ ഹൊഷിയാർപുരിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിൽ നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. ഹൊഷിയാർപുരിൽ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികളായ യുപി സ്വദേശി രാംജീവൻ-പ്രീതി ദമ്പതിമാരുടെ മകൾ ഗുൻഗുനാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
മാതാപിതാക്കൾ സമീപത്തെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ നായകൾ കടിച്ചുകീറുകയായിരുന്നു. അടുത്തുള്ള ഒരു മരച്ചുവട്ടിൽ കുട്ടിയെ ഇരുത്തിയ ശേഷമാണ് മാതാപിതാക്കൾ ജോലിക്ക് ഇറങ്ങിയത്. ഈ സമയം പാഞ്ഞെത്തിയ ഏഴോളം തെരുവുനായ്ക്കൾ കൂട്ടത്തോടെ കുഞ്ഞിനെ വളയുകയും ആക്രമിക്കുകയുമായിരുന്നു.
കുഞ്ഞിനെ ക്രൂരമായി കടിച്ചുകീറിയ നായ്ക്കൾ ഏതാനും ദൂരത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് മാതാപിതാക്കളും മറ്റ് തൊഴിലാളികളും കൃഷിയിടത്തിൽ നിന്നും ഓടിയെത്തിയത്. ചോരയിൽ കുളിച്ചുകിടന്ന കുട്ടിയെ ഇവർ ഓടിച്ചെന്ന് നായ്ക്കളുടെ പിടിയിൽ നിന്നും മോചിപ്പിച്ചു.
ഉടൻ തന്നെ കുട്ടിയെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ ഹൊഷിയാർപുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ കുഞ്ഞ് മരണത്തിന് കീഴടങ്ങി.










0 comments