പഹൽഗാം ഭീകരാക്രമണം: ലഷ്‌കർ തലവൻ ഹാഫിസ് സെയ്‌ദിനെ പ്രതി ചേർത്ത് എൻഐഎ

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണ കേസിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബ (എൽഇടി) തലവൻ ഹാഫിസ് സെയ്‌ദിനെ പ്രതി ചേർത്ത് എൻഐഎ. ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിലാണ് സെയ്‌ദിനെ പ്രതിചേർത്ത് കുറ്റപത്രം നൽകിയത്.
ഇന്ത്യയും അമേരിക്കയും ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ളതും 2008ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ സെയ്‌ദ് ലഷ്കർ ഇ തൊയ്ബയുടെയും അവരുടെ സജീവ പ്രോക്സി ഫ്രണ്ടായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെയും (ടിആർഎഫ്) തലവൻ എന്ന നിലയിലും വ്യക്തിപരമായും ഗൂഡാലോചനയിൽ പങ്കെടുത്തതായി പറയുന്നു. ബിഎൻഎസിലെ വിവിധ വകുപ്പുകൾ, 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ഹാഫിസ് സെയ്‌ദിനെ പ്രതിചേർത്തതോടൊപ്പം ഭീകരാക്രമണത്തിൽ പാകിസ്ഥാനുള്ള പങ്കും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞവർഷം ഡിസംബറിൽ 1597 പേജുള്ള പ്രധാന കുറ്റപത്രം എൽഇടി കോടതിയിൽ സമർപ്പിച്ചിരുന്നു. അനുബന്ധ കുറ്റപത്രത്തിൽ ഹാഫിസ് സെയ്‌ദിന്റെ പങ്കിനൊപ്പം ഭീകരാക്രമണത്തിന് പിന്നിലെ പാക്കിസ്ഥാന്റെ പങ്കിനെ കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. ഭീകരാക്രമണ സ്ഥലത്ത് നിന്നും ശാസ്‌ത്രീയമായും എൻഐഎ ശേഖരിച്ച തെളിവുകളും ഒപ്പം സമർപ്പിച്ചിട്ടുണ്ട്. 166 പേരുടെ മരണത്തിനിടയാക്കിയ 2008 ലെ മുംബൈ ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു സെയ്‌ദ്.
ഭീകര പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനും അന്താരാഷ്ട്ര വിലക്ക് ഒഴിവാക്കുന്നതിനുമായി, ജമാഅത്ത്-ഉദ്-ദവ (ജെയുഡി), ഫലാഹ്-ഇ-ഇൻസാനിയത്ത് ഫൗണ്ടേഷൻ (എഫ്ഐഎഫ്) പോലുള്ള ജീവകാരുണ്യ സംഘടനകൾ സെയിദ് സ്ഥാപിച്ചു. ഇന്ത്യയ്ക്കും യുഎസിനും പുറമേ, സെയിദിനെ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലും ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്.










0 comments