ad
Deshabhimani

ഇന്ത്യ – ബഹ്റൈൻ ബന്ധം കൂടുതൽ ശക്തമാക്കും; എസ് ജയ്ശങ്കർ

India-Bahrain

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും | Image Credit: S. Jaishankar / Facebook

വെബ് ഡെസ്ക്

Published on Jul 06, 2026, 08:22 PM | 2 min read

മനാമ : ബഹ്റൈൻ സന്ദർശനത്തിനിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഇരു നേതാക്കളും വിശദമായി ചർച്ച നടത്തി. ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നീ നാല് ഗൾഫ് രാജ്യങ്ങളിലേക്ക് ജൂലൈ 5 മുതൽ 10 വരെ ജയ്ശങ്കർ നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായാണ് ഈ ഔദ്യോഗിക കൂടിക്കാഴ്ച നടന്നത്.


ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിൽ ബഹ്‌റൈൻ ഭരണകൂടം നൽകുന്ന പിന്തുണയ്ക്ക് ജയ്ശങ്കർ തന്റെ നന്ദി രേഖപ്പെടുത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം എക്സിൽ പങ്കുവെച്ച കുറിപ്പിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ചും മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പരസ്പരം പങ്കുവെച്ചതായും അദ്ദേഹം വ്യക്തമാക്കി. സന്ദർശന വേളയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സംഭവവികാസങ്ങളും പരസ്പര താല്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്യുന്നതിനുമായി ജയ്ശങ്കർ മറ്റ് ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.


സന്ദർശനത്തിന്റെ ആദ്യ ഘട്ടമായി ഞായറാഴ്ച അദ്ദേഹം ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. ഊർജ്ജം, വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി, സുരക്ഷ എന്നീ മേഖലകളിലെ സഹകരണം വിലയിരുത്തി. ഇനി കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും.


പശ്ചിമേഷ്യയിൽ ആഴ്ചകൾ നീണ്ടുനിന്ന കടുത്ത സംഘർഷങ്ങൾക്കൊടുവിൽ ഇറാന്റെ വെടിനിർത്തലിലേക്ക് നയിച്ച സമാധാന ശ്രമങ്ങളിൽ പാകിസ്ഥാനൊപ്പം ഖത്തറും ഒമാനും നിർണായക മധ്യസ്ഥരായി ഉയർന്നുവന്നിട്ടുണ്ട്. ഇറാന്റെ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിലാപ ചടങ്ങുകൾക്ക് ശേഷം, യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകൾ ദോഹയിൽ പുനരാരംഭിക്കും. ഗൾഫ് പര്യടനം പൂർത്തിയാക്കിയ ശേഷം 2028-29 വർഷത്തെ യുഎൻ രക്ഷാസമിതി അംഗത്വത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനായി ജൂലൈ 13ന് ജയശങ്കർ ന്യൂയോർക്കിലേക്ക് തിരിക്കും. തുടർന്ന് ജൂലൈ 14, 15 തീയതികളിൽ ബ്രസൽസിൽ വെച്ച് നടക്കുന്ന മൂന്നാമത് ഇന്ത്യ - യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ യോഗത്തിലും പങ്കെടുക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home