പതിനേഴുകാരിയെ പീഡിപ്പിച്ച ബസ് കണ്ടക്ടർക്ക് കഠിനതടവ്

തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർക്ക് കഠിനതടവ്. അരുവിക്കര ചാണിച്ചാൽക്കടവ് സ്വദേശി അരുൺകുമാറിന് (46) അഞ്ച് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയുമാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്ക് നൽകണമെന്നും കോടതി വിധിയിൽ പറഞ്ഞു.
2024 സെപ്‌തംബർ 23നാണ് കേസിനാസ്‌പദമായ സംഭവം. വെള്ളനാട് നിന്നും കിഴക്കേക്കോട്ട പോകുന്ന ബസിലാണ് അതിജീവിതയെ പീഡിപ്പിച്ചത്. രാവിലെ സ്ഥിരമായി സ്കൂളിൽ പോകുന്ന ബസിലെ കണ്ടക്ടറായ പ്രതി, തിരക്കിനിടെ അതിജീവിതയിടെ സ്വകാര്യ ഭാഗത്ത് പിടിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ ഭയന്ന കുട്ടി സംഭവം വിവരം പുറത്ത് പറഞ്ഞില്ല. സംഭവശേഷം പിന്നെയും മറ്റു ബസ് ഇല്ലാത്തതിനാൽ ഇതേ ബസിൽ തന്നെ സ്കൂളിൽ പോയ്കൊണ്ടിരുന്ന കുട്ടി പ്രതിയെ പിന്നെയും കണ്ട് ഡിപ്രഷനിൽ ആകുകയും ചെയ്തു. കുട്ടിയെ ചികിത്സയ്ക്കായി സൈക്കോളജിസ്റ്റിനെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ .ആർ എസ് വിജയ് മോഹൻ ഹാജരായി. അരുവിക്കര എസ്‌ഐ എൻ സുനിൽകുമാർ, മ്യൂസിയം എസ്‌ഐ വി എൽ ഷിജു എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിച്ചു 25 രേഖകളും ഹാജരാക്കി.











0 comments